നെഹ്രുവിനെ 'വീഴ്ത്തി'യ ചുണ്ടൻ വെറുതേ വിട്ടില്ല, രാഹുലിനെയും!

Tuesday 20 September 2022 1:13 AM IST

ആലപ്പുഴ: പണ്ടൊരിക്കൽ മുത്തച്ഛൻ ജവഹർലാൽ നെഹ്രുവിനെ ആവേശഭരിതനാക്കിയ വള്ളംകളിയും ചുണ്ടൻമാരും, രാഹുൽ ഗാന്ധിയെയും 'വെറുതേ' വിട്ടില്ല! ഭാരത് ജോഡോ യാത്ര ആലപ്പുഴയിലെത്തിയപ്പോൾ രാഹുലിന് കാണാൻ വേണ്ടി സംഘാടകർ ഒരുക്കിയ പ്രദർശന വള്ളംകളി കണ്ടു നിൽക്കാതെ, ന‌ടുവിലേപ്പറമ്പ് ചുണ്ടനിലെ തുഴക്കാരനായി 'അരങ്ങേറ്റം' കുറിച്ച ശേഷമാണ് രാഹുൽ തുടർ യാത്രയിൽ പങ്കെടുത്തത്.

ജോഡോ യാത്രയുടെ ഇ‌ടവേളയിൽ നടത്തിയ ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷമാണ് തനിക്ക് വേണ്ടിയൊരുക്കിയ പ്രദർശന വള്ളംകളി മത്സരത്തിൽ രാഹുലും തുഴക്കാരനായത്. എൻ.സി.ബി.സി ബോട്ട് ക്ലബ്ബിനൊപ്പം നടുവിലേപ്പറമ്പൻ ചുണ്ടന്റെ മദ്ധ്യഭാഗത്താണ് രാഹുലും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും തുഴക്കാരായി കയറിയത്. അത്യധികം ആവേശത്തോടെ രാഹുൽ തുഴഞ്ഞ നടുവിലേപ്പറമ്പൻ തന്നെ മത്സരത്തിൽ വള്ളപ്പാടുകൾക്ക് മുന്നിലെത്തി. കാശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ തുഴച്ചിലുകാരാണ് നടുവിലേപ്പറമ്പനിൽ തുഴഞ്ഞത്. ആനാരി ചുണ്ടൻ രണ്ടാം സ്ഥാനവും വെള്ളംകുളങ്ങര ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. മൂന്ന് വള്ളങ്ങൾ മാത്രമാണ് മത്സരത്തിൽ പങ്കെടുത്തത്. നെഹ്രുട്രോഫി സ്റ്റാർട്ടിംഗ് പോയിന്റിൽ ഡോക്ക് ചിറയ്ക്ക് സമീപം എത്തിയ രാഹുൽ ഗാന്ധിയെ ചുണ്ടൻ വള്ളത്തിലെ തുഴക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. തങ്ങൾക്കൊപ്പം അതേ വേഗത്തിൽ തുഴയാൻ രാഹുലിന് സാധിച്ചതായി തുഴക്കാർ അഭിപ്രായപ്പെട്ടു. പങ്കെടുത്ത മൂന്ന് ചുണ്ടൻ വള്ളങ്ങൾക്കും നെഹ്റു പവലിയനിൽ വെച്ച് രാഹുൽ ഗാന്ധി ട്രോഫി വിതരണം ചെയ്തു. രാവിലെ 11ഓടെ ആരംഭിച്ച ഹൗസ് ബോട്ട് യാത്ര വൈകിട്ട് 4നാണ് അവസാനിച്ചത്.

Advertisement
Advertisement