കോൺഗ്രസ് അദ്ധ്യക്ഷനാകാൻ ഗെലോട്ടും തരൂരും
സോണിയയെ കണ്ട് ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയായി രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടും വിമത പക്ഷത്തുനിന്ന് തിരുവനന്തപുരം എം.പി ശശി തരൂരും മത്സരിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു.
രാഹുൽ ഗാന്ധിക്ക് താത്പര്യമില്ലാത്ത സാഹചര്യത്തിൽ ഗെലോട്ടിനോട് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതാണ്. ഇതിനിടയിലാണ് വിമത പക്ഷത്തു നിന്ന് തരൂർ സ്ഥാനാർത്ഥിയാകുമെന്ന സൂചന ശക്തമായത്. അതോടെ മത്സരം ഉറപ്പായി. സെപ്‌തംബർ 24നും 30നും ഇടയിൽ ഗെലോട്ട് നാമനിർദ്ദേശ പത്രിക നൽകിയേക്കും. ഇന്നലെ തരൂരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ മത്സരിക്കാനുള്ള നിലപാടിനെ സോണിയാ ഗാന്ധി സ്വാഗതം ചെയ്തു. രാഹുലിനും ഇതേ നിലപാടാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥാനാർത്ഥിയാകാമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് സ്ഥിരതയാർന്ന നിലപാടാണുള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
യുവ നേതാക്കളുടെ കത്തിനെ
പിന്തുണച്ച് തരൂർ
പാർട്ടിയിൽ പരിഷ്‌കാരമാവശ്യപ്പെട്ട് 650 യുവ നേതാക്കൾ സോണിയയ്‌ക്ക് അയച്ച കത്തിനെ പിന്തുണച്ചതിന് പിന്നാലെയാണ്, തരൂർ ഡൽഹിയിൽ കൂടിക്കാഴ്‌ചയ്‌ക്കെത്തിയത്. യുവ നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചിരുന്നു. നേതാക്കൾ അയച്ച കത്തിന്റെ പകർപ്പും അദ്ദേഹം പങ്കുവച്ചു. തരൂർ ഉൾപ്പെട്ട ജി-23 നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളാണ് യുവാക്കളും ഉന്നയിച്ചത്. ഉദയ്പൂർ പ്രഖ്യാപനമനുസരിച്ച് നിയമാനുസൃതമായ ആഭ്യന്തര തിരഞ്ഞെടുപ്പുകൾ, ഒരു കുടുംബത്തിന് ഒരു സ്ഥാനാർത്ഥി, ഒരാൾക്ക് ഒരു പദവി, ഒരു പദവിയിൽ പരമാവധി അഞ്ചു വർഷം തുടങ്ങിയവ നടപ്പാക്കാൻ തയ്യാറാകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മതേതര ഇന്ത്യയെന്ന സങ്കല്പം നടപ്പാക്കൽ, പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി, വനിതാ സംവരണം തുടങ്ങിയവ നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് നാല് പി.സി.സികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്ര പുരോഗമിക്കുമ്പോൾ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ഈ ആവശ്യം ഉയരാനിടയുണ്ട്. തിരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശ്രമമാണിതെന്ന് വിമത വിഭാഗം കരുതുന്നു. ഇതേത്തുടർന്നാണ് യുവ നേതാക്കൾ കത്തയച്ചത്.