കോടതികളുടെ ഭാരം അത്രയും കുറയും

Tuesday 20 September 2022 12:05 AM IST

കൊവിഡ് നാളുകളിൽ നടത്തിയ നിയമലംഘനങ്ങളുടെ പേരിൽ പൊലീസ് ചാർജ് ചെയ്തിരുന്ന പന്ത്രണ്ടുലക്ഷത്തിൽപ്പരം കേസുകളിൽ ഗുരുതരമല്ലാത്തവയെല്ലാം എഴുതിത്തള്ളാൻ ആലോചിക്കുകയാണ്. വളരെ നല്ല കാര്യമാണത്. ഇത്രയധികം കേസുകളുടെ നടത്തിപ്പ് പൊലീസിനും കോടതികൾക്കും അതിലുൾപ്പെട്ടവർക്കും എത്രമാത്രം അലോസരവും ബുദ്ധിമുട്ടും സൃഷ്ടിക്കുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന അഞ്ചുകോടിയോളം കേസുകളിൽ ഭൂരിപക്ഷവും ഇതുപോലെ വലിയ കഴമ്പില്ലാത്തവയാണെന്നു കണ്ടെത്തിയിട്ടുണ്ട്. പത്തുംപതിനഞ്ചും വർഷത്തെ പഴക്കമുള്ള കേസുകൾ പോലും ഇതിൽ കാണും. ഇത്തരം ലഘുവായ കേസുകളിൽ തീർപ്പ് നീണ്ടുപോകുന്നത് സാധാരണമാണ്. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നു പറയുന്നതുപോലെ കേസ് എത്ര നിസാരമാണെങ്കിലും അതിൽ പെട്ടുപോയവരെ സംബന്ധിച്ച് വ്യവഹാര നടപടികൾ കഠോരം തന്നെയാകും.

കൊവിഡ് കാലത്ത് രോഗപ്പകർച്ച തടയാനുദ്ദേശിച്ചാണ് ആളുകളുടെ സഞ്ചാരവും മറ്റും കർശനമായി വിലക്കിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നിരത്തിലിറങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ അവ ലംഘിക്കാനും ധാരാളം പേരുണ്ടായെന്നാണ് പൊലീസ് എടുത്ത കേസുകളുടെ ഭീമമായ സംഖ്യ കാണിക്കുന്നത്. ഒഴിച്ചുകൂടാൻ വയ്യാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരും ഇക്കൂട്ടത്തിലുണ്ടാകും. വെറുതേ നേരമ്പോക്കിനായി വാഹനങ്ങളുമെടുത്ത് വിലസാൻ ഇറങ്ങിയവരും കാണും. അത്തരക്കാരിൽ ആയിരക്കണക്കിനു പേരെ പൊലീസ് പിടികൂടി പിഴചുമത്തി വിട്ടിട്ടുണ്ട്. പിഴ അടയ്ക്കാതെ നിയമത്തെ വെല്ലുവിളിച്ചു നടന്നവർക്കെതിരെയാണ് നിയമാനുസൃതം പൊലീസ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയതിന്റെ പേരിൽ മാത്രം നാലേകാൽ ലക്ഷത്തോളം പേർ കേസിൽപ്പെട്ടെന്നാണ് പൊലീസിന്റെ കണക്ക്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ രണ്ടുവർഷത്തിനിടെ അഞ്ചരലക്ഷത്തോളം പേരാണ് അറസ്റ്റിലായത്. മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയവരും ഏതാണ്ട് അത്രതന്നെ വരും. 5.36 ലക്ഷം വാഹനങ്ങളാണ് പിടികൂടി പിഴചുമത്തിയത്.

കൊവിഡ് വ്യാപനം ഏതാണ്ടു ശമിക്കുകയും അതിന്റെ ഭീഷണിയിൽനിന്ന് ലോകം മുക്തമാവുകയുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും കൊവിഡിനു മുൻപുള്ള സ്ഥിതിയിലേക്കു വന്നുകഴിഞ്ഞു. ഇന്ത്യയിലും ചുരുക്കം ചിലയിടങ്ങളിലേ കൊവിഡ് നിയന്ത്രണങ്ങൾ ഇപ്പോഴും പ്രാബല്യത്തിലുള്ളൂ. കൊവിഡ് പതിയെ ഒഴിഞ്ഞുപോവുകയാണെങ്കിലും രോഗം പത്തിവിടർത്തി ആടിയ നാളുകളിൽ പൊലീസ് കൈക്കൊണ്ട കർക്കശ നടപടികളെ കുറ്റം പറയാൻ അധികമാരും തയ്യാറല്ലെന്നത് വസ്തുതയാണ്. അന്ന് നിയമപാലകർ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഒരു പരിധിവരെ രോഗവ്യാപനം തടയാൻ സഹായിച്ചത്. കേസ് നേരിടുന്നവരിൽ നല്ലൊരു വിഭാഗം ചെറുപ്പക്കാരാകും. പലരുടെയും ഭാവിക്കുതന്നെ ദോഷം ചെയ്യാൻ ഇത്തരത്തിലൊരു പെറ്റികേസ് മതിയാകും. അതുകൊണ്ട് ഗുരുതര സ്വഭാവത്തിലല്ലാത്ത എല്ലാ കേസുകളും അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ആലോചന എത്രയും വേഗം പ്രവൃത്തിപഥത്തിലെത്തിക്കാൻ നടപടിയുണ്ടാകണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് ആലോചിക്കാൻ മുഖ്യമന്ത്രി അടുത്തയാഴ്ച ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. വച്ചുനീട്ടാതെ ക്രിയാത്മകമായ തീരുമാനമാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇത്തരം കേസുകൾ പിൻവലിച്ചതുകൊണ്ട് ആർക്കും ഒരു നഷ്ടവും വരാൻ പോകുന്നില്ല.

Advertisement
Advertisement