നിയമങ്ങൾ നോക്കുകുത്തി റോഡിൽ മനുഷ്യക്കുരുതി,​ വീടിനു പുറത്തിറങ്ങിയാൽ ജീവൻ തുലാസിൽ

Tuesday 20 September 2022 12:30 AM IST

രാവിലെ വീട്ടിൽനിന്നും റോഡിലേക്കിറങ്ങിയാൽ അതുപോലെ തിരിച്ചെത്തുമെന്ന കാര്യത്തിൽ ആർക്കാണ് ഉറപ്പുള്ളത്?​ പഠിക്കാനും നിത്യജീവിത ചെലവിനുള്ള വകതേടി തൊഴിലിടങ്ങളിലേക്കും മറ്റാവശ്യങ്ങൾക്കുമൊക്കെയാണ് പുലർച്ചെ മുതൽ ജനം വീടിനു പുറത്തേക്ക് പായുന്നത്. റോഡിലാണെങ്കിൽ ആളെക്കൊല്ലുന്ന കുഴികൾ. ഇരുചക്രവാഹനത്തിൽ പോകുന്നവരൊക്കെ എപ്പോൾ വേണമെങ്കിലും തെന്നിത്തെറിച്ച് വീണ് എല്ലുകളുടെ എണ്ണം കൂട്ടി ആശുപത്രിയിൽ അഭയം തേടിയേക്കാം. നടന്നുപോയാലും വണ്ടിയിൽ പോയാലും തെരുവ് നായക്കൂട്ടം ഏതു നിമിഷവും ചാടിവീഴാം. കടി കിട്ടിയാൽ മരണത്തിന്റെ നോട്ടീസ് കിട്ടിയതുപോലെയാണ്. വാക്സിൻ എടുത്താലും പട്ടിക്ക് പേയുണ്ടെങ്കിൽ പേടിക്കുക തന്നെ വേണം.

സാധാരണക്കാരിൽ നല്ലൊരു പങ്കും വീട്ടിൽനിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോയി അവിടെ കാത്തുനിന്ന് ബസിൽ കയറിയാണ് വിവിധ ആവശ്യങ്ങൾക്കായി പോകുന്നത്. പോകുന്ന വഴി എവിടയെങ്കിലും നായ കുരയ്ക്കുന്നത് കേട്ടാൽപ്പോലും

ഞെട്ടിപ്പോകും. ബസ് സ്റ്റോപ്പിൽ പോയി ഒറ്റയ്ക്കു നിൽക്കുമ്പോൾ അതുവഴി പോകുന്ന നായ ഒന്നു തറപ്പിച്ച് നോക്കിയാൽമതി ദൈവത്തെ വിളിക്കാൻ. ബസ് സ്റ്റോപ്പിൽ മാത്രമല്ല, എ.ടി.എം കൗണ്ടറുകൾക്കു മുന്നിൽ സ്കൂളുകളുടെ പരിസരത്ത് എവിടേയും കാണാം തെരുവ് നായക്കൂട്ടം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ആക്രമണം. വീട്ടിൽനിന്നും സൈക്കിളിൽ റോഡിലേക്കിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കാത്തുനിന്ന് നെഞ്ചത്തേക്ക് ചാടിക്കയറുന്നതും വീട്ടിനുള്ളിലേക്കുവരെ കടന്നെത്തിയ നായക്കൂട്ടം കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങളും അവിടെയൊക്കെ സി.സി.ടി.വി കാമറകളുള്ളതുകൊണ്ട് നമ്മളെല്ലാവരും കണ്ടു.

ആറു മാസത്തിനിടെ ടാർ ചെയ്ത 148 റോഡുകളിൽ 67ലും കുഴികൾ കണ്ടെത്തിയത് സംസ്ഥാന വിജിലൻസാണ്. റോഡിലെ കുഴിയിൽ വീഴാതെ, പട്ടിയുടെ വായിൽപ്പെടാതെ രക്ഷപ്പെട്ട് പോകുന്നവരുടെ തലയിലേക്ക് എപ്പോഴാണ് വണ്ടികളിൽ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കൊണ്ടുപോകുന്ന ഉരുപ്പടികൾ വന്നുവീഴുകയെന്ന് പറയാൻ പറ്റില്ല. വെള്ളിയാഴ്ച തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ടു പേർക്ക് ദാരുണാന്ത്യം ഉണ്ടായതിന്റെ ഉത്തവാദിത്വം ലോറി ഓടിച്ചയാൾക്ക് മാത്രമല്ല. ഇതൊക്കെ ഒഴിവാക്കാൻ ചുമതലപ്പെട്ടവർക്കു കൂടിയുണ്ട്. നെയ്യാറ്രിൻകരയിൽ കമാനം മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതും കഴി‌ഞ്ഞയാഴ്ചയാണ്. റോഡിലൊക്കെ എന്തും ആകാമെന്ന അവസ്ഥയാണിപ്പോൾ.

ഏതൊക്കെ വാഹനത്തിൽ എന്തൊക്കെ കയറ്റണം. എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണം എന്നൊക്കെ റോഡ് സുരക്ഷാ നിയമത്തിലുണ്ട്. റോ‌ഡിലിറങ്ങുന്ന പൗരന് സുരക്ഷ നൽകാനുള്ള നിയമങ്ങളും അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും അത് നടപ്പിലാക്കാറില്ല. ആകെ ചെയ്യുന്നത് വാഹനങ്ങളെ വഴിയിൽ തടഞ്ഞ് രേഖകളില്ലെന്നും മറ്റും പറഞ്ഞ് പിഴ ഈടാക്കി ടാർജറ്റ് തികയ്ക്കൽ യജ്ഞം മാത്രമാണ്.

സേഫ്‌ടി തരാത്ത

സേഫ് കേരള

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനു മാത്രമല്ല, പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുന്നതിനുമായാണ് 2007ൽ റോഡ് സുരക്ഷാ നിയമം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സേഫ് കേരള എന്നൊരു വിഭാഗം രൂപീകരിച്ചതു തന്നെ. അമിതവേഗത്തിന് തടയിടാനും, പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ഉറപ്പാക്കാനും സേഫ് കേരള വിഭാഗത്തിനായിരുന്നു ചുമതല. കുറച്ചു നാൾ

ഈ ചുമതലയിൽ ശ്രദ്ധ ചെലുത്തിയെങ്കിലും പിന്നീട് വകുപ്പ് പിൻവലിഞ്ഞു തുടങ്ങി. ക്രമേണ 24 മണിക്കൂറും ഡ്യൂട്ടിയിൽ ഉദ്യോഗസ്ഥരുണ്ടാകണമെന്ന വ്യവസ്ഥ പാലിക്കാതെയായി. പകലും ആളില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥ. സേഫ് കേരളയിലെ ഉദ്യോഗസ്ഥരെ, ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കുമായി ഉപയോഗിക്കുകയായിരുന്നു. എന്നാൽ റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും മറ്റ് ചുമതലകളിൽ നിന്നൊഴിവാക്കി എൻഫോഴ്സ്‌മെന്റ് ചുമതലുള്ള ഉദ്യോഗസ്ഥരെ ആ ജോലിയിലേക്ക് തന്നെ തിരികെ കൊണ്ടുവരണമെന്നും കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇങ്ങനെയൊരു വിഭാഗം മോട്ടോർവാഹന വകുപ്പിനു കീഴിലുണ്ടെന്നു പോലും ഇപ്പോൾ ആർക്കുമറിയില്ല. അതുപോലെ ബൈപ്പാസിൽ അപകടം ഉണ്ടാവുകയാണെങ്കിൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനായാണ് പൊലീസ് ബീക്കൺ പൊലീസ് എന്നൊരു വിഭാഗം രൂപീകരിച്ചത്. മൂന്നുവർഷം മുമ്പ് തലസ്ഥാനത്തായിരുന്നു ആദ്യ ബാച്ച് ബീക്കൺ പൊലീസിനെ കാമറകളൊക്കെ ഘടിപ്പിച്ച ജീപ്പുകളിൽ നിരത്തുകളിൽ നിയോഗിച്ചത്. കുറച്ചുനാൾ അവരും ആക്ടീവായിരുന്നു. ഇപ്പോൾ ബൈപ്പാസിലുണ്ടാകുന്ന അപകടങ്ങളിലൊന്നും ബീക്കൺ പൊലീസിനെ കാണാറില്ല. ഈ അടുത്തകാലത്ത് തിരുവല്ലം- കോവളം ബൈപ്പാസിൽ വാഹനാപകടത്തിൽപ്പെട്ട ഒരു ഐ.ബി ഉദ്യോഗസ്ഥൻ റോഡിൽ രക്തം വാർന്നു കിടന്നത് ഒരു മണിക്കൂറോളമായിരുന്നു. ഒടുവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുരക്ഷ ഒരുക്കാത്ത

റോഡ് സുരക്ഷാ അതോറിട്ടി

റോഡിലിറങ്ങുന്ന പൗരന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് റോഡ് സുരക്ഷാ അതോറിട്ടിയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് 2006ൽ രൂപീകരിച്ച റോഡ് സുരക്ഷാ അതോറിട്ടിയുടെ ചെയർമാൻ ഗതാഗതമന്ത്രിയും വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രിയുമാണ്. ചീഫ് സെക്രട്ടറി, ആഭ്യന്തര, ധനകാര്യ, നിയമ, ഗതാഗത,പൊതുമരാമത്ത്, ആരോഗ്യ, പൊതുവിദ്യാഭ്യാസ, തദ്ദേശ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, പൊലീസ് മേധാവി, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ അംഗങ്ങളായിട്ടുള്ള അതോറിട്ടിയുടെ യോഗം മുഴുവൻ പേരുമായി കൂടുന്നതു തന്നെ അപൂർവമാണ്. റോഡ് മുഴുവൻ കുഴികളാവുകയും തെരുവുകളിലെല്ലാം തെരുവ് നായ ആക്രമണം രൂക്ഷമാവുകയും ചെയ്തശേഷം ഇതുവരെ ട്രാൻസ്പോർട്ട് അതോറിട്ടി യോഗം വിളിച്ചുചേർത്തിട്ടു പോലുമില്ല. ഇങ്ങനെയൊരു അതോറിട്ടിയുണ്ടെന്ന വിവരം ഇവരൊക്കെ മറന്നുപോയോ എന്തോ!

നായകടി

ഈ വർഷം ഇതുവരെ - 2,​00,​517 മരണം - 21

റോഡപകടം - 29,​498 മരണം 2,​902

Advertisement
Advertisement