ഗവർണറുടെ ആരോപണങ്ങൾ നിയമയുദ്ധത്തിനുള്ള കാഹളം

Tuesday 20 September 2022 12:24 AM IST

æ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കാം

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾ പലതും വരും ദിവസങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിയമയുദ്ധങ്ങൾക്ക് വഴിതുറക്കും. കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ പ്രതിഷേധിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്ന ഗവർണറുടെ ആരോപണം ഗുരുതരമാണെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി വ്യക്തമാക്കുന്നു.

ഐ.പി.സി 124 പ്രകാരം രാഷ്ട്രപതി, ഗവർണർമാർ എന്നിവരെ തങ്ങളുടെ അധികാരം വിനിയോഗിക്കുന്നതിൽ നിന്ന് തടഞ്ഞാൽ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ ഈ വകുപ്പനുസരിച്ച് ഒരു കേസും എടുത്തിട്ടില്ലെന്നു മാത്രം.

ചരിത്ര കോൺഗ്രസിൽ തന്നെ വധിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും ഡൽഹിയിൽ ഇതിന്റെ ഗൂഢാലോചന നടന്നെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ആരോപണത്തിൽ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 154 പ്രകാരം പൊലീസിന് സ്വമേധയാ കേസെടുക്കാം. കണ്ണൂരിലെ ഒരു അഭിഭാഷകൻ എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ല. ഈ സാഹചര്യത്തിൽ അടുത്ത ദിവസം മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകും.

ഡൽഹിൽ ഗൂഢാലോചന എന്ന ആരോപണം വച്ച് സി.ബി.ഐ അന്വേഷണം ഗവർണർക്ക് ആവശ്യപ്പെടാനാവും. മൂന്നാമതൊരു വ്യക്തിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെയും മജിസ്ട്രേട്ട് കോടതിയെയും സമീപിക്കാം.

മുഖ്യമന്ത്രിക്കെതിരെയും

നിയമനടപടിക്ക് വകുപ്പ്

ഗവർണറുടെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്ന് വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാം. നേരത്തെ വി.സി നിയമനം ഹൈക്കോടതി ശരിവച്ചത് വി.സിയുടെ യോഗ്യത സംബന്ധിച്ച തർക്കങ്ങളെ തുടർന്നുള്ള ഹർജിയിലാണ്. പുതിയ സാഹചര്യത്തിൽ വീണ്ടും ഹർജികൾ വന്നേക്കാം.

മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെത്തുടർന്നാണ് വി.സി നിയമനം ശരിവച്ചതെന്ന് ഗവർണർ പറയുന്നു. ഇതു സത്യപ്രതിജ്ഞാ ലംഘനമാണ്. എന്നാൽ സത്യപ്രതിജ്ഞാ ലംഘനം ക്രിമിനൽ കുറ്റമല്ലാത്തതിനാൽ ഇതിന്റെ പേരിൽ നിയമ നടപടിക്ക് സാദ്ധ്യതയില്ല. എന്നാൽ,​ ഗവർണറെ അധികാരം വിനിയോഗിക്കുന്നതിൽ നിന്ന് തടയുന്നതും സമ്മർദ്ദം ചെലുത്തുന്നതും ഐ.പി.സി 124 പ്രകാരം കുറ്റകരമാണെന്നതിനാൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനാവും.

സമ്മർദ്ദത്തെത്തുടർന്നാണ് വി.സി നിയമനം ശരിവച്ചതെന്ന വെളിപ്പെടുത്തൽ നിയമനത്തിന്റെ നിയമസാധുത ഇല്ലാതാക്കുന്നു. സമ്മർദ്ദത്തെത്തുടർന്ന് നിയമനം ശരിവച്ചതായതിനാൽ ഗവർണർ കുറ്റക്കാരനാണെന്നു പറയാനും കഴിയില്ല.

Advertisement
Advertisement