ബി.ജെ.പി സ്വതന്ത്ര കൺസിലറും കോൺഗ്രസിൽ: ചാലക്കുടി നഗരസഭയിൽ യു.ഡി.എഫ് അംഗബലം 28 ആയി

Tuesday 20 September 2022 12:33 AM IST

ചാലക്കുടി: നഗരസഭ പോട്ട മൂന്നാം വാർഡ് കൗൺസിലറും സ്വതന്ത്ര ബി.ജെ.പി അംഗവുമായ വത്സൻ ചമ്പക്കര കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വത്സൻ ചമ്പക്കര മത്സരിച്ച് ജയിച്ചത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ചാലക്കുടിയിൽ വിപുലമായ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഒരു കൗൺസിലർ കൂടി കോൺഗ്രസിലെത്തുന്നത്. ഇതോടെ 36 അംഗ കൗൺസിലിൽ യു.ഡി.എഫിന് 28 പ്രതിനിധികളായി.

സ്വതന്ത്ര കൗൺസിലർ ആയതിനാൽ വത്സന് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. നേതൃത്വവുമായുള്ള അസ്വാരസ്യത്തിൽ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം നേരത്തെ വത്സൻ ഉപേക്ഷിച്ചിരുന്നു. കോൺഗ്രസ് ഹൗസിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ ബെന്നി ബെഹന്നാൻ എം.പി അംഗത്വം നൽകി വത്സൻ ചമ്പക്കരയെ സ്വീകരിച്ചു.
മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, യു.ഡി.എഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ ടി.എ. ആന്റോ, കെ. ജയിംസ് പോൾ, കെ.പി.സി.സി അംഗം ഷോൺ പെല്ലിശേരി, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement