അപ്രതീക്ഷിത ട്വിസ്റ്റ്! മഞ്ചേരിയിൽ നിന്നും കവർന്ന ഒന്നാം സമ്മാനത്തിന്റെ ലോട്ടറി തിരുവനന്തപുരത്ത്, കാശ് ലഭിക്കണമെങ്കിൽ ഇനി കോടതി കനിയണം

Tuesday 20 September 2022 10:30 AM IST

മഞ്ചേരി: മഞ്ചേരിയിൽ നിന്ന് കവർച്ച ചെയ്ത കേരള നിർമ്മൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമായി പാലക്കാട് സ്വദേശി തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിലെത്തി. ടിക്കറ്റ് സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. കവർച്ച ചെയ്ത ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പൊലീസ് ലോട്ടറി ഓഫീസിൽ നൽകിയിരുന്നതിനാൽ ഉദ്യോഗസ്ഥർ പൊലീസിന് വിവരം കൈമാറി. പൊലീസ് ഇയാളുടെ മൊഴിയെടുത്തു. ടിക്കറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

പണത്തിന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചവരിൽ നിന്ന് വില കൊടുത്ത് ടിക്കറ്റ് വാങ്ങിയെന്നാണ് പാലക്കാട് സ്വദേശി പൊലീസിനോട് പറഞ്ഞത്. ഒരു സംഘം വന്ന് ബന്ധുവിന് ഒന്നാം സമ്മാനമായി ലോട്ടറി ടിക്കറ്റ് ലഭിച്ച കാര്യം പറഞ്ഞു. പണത്തിന് അത്യാവശ്യമുണ്ടെന്നും ബാങ്കിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം ലഭിക്കാൻ ആറു മാസമെടുക്കുമെന്നതിനാലാണ് ടിക്കറ്റ് വിൽക്കുന്നതെന്നും വിശദീകരിച്ചു. 15 ലക്ഷം രൂപ നൽകിയാണ് ടിക്കറ്റ് വാങ്ങിയതത്രേ. ടിക്കറ്റ് കവർന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളും ടിക്കറ്റ് വാങ്ങിയ ആളും തമ്മിൽ ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയിൽ നിന്നാണ് കഴിഞ്ഞ 15നു ടിക്കറ്റ് തട്ടിയെടുത്തത്.