മോദി തുറന്നു വിട്ട ചീറ്റകൾക്ക് ആദ്യം നൽകിയത് രണ്ടു കിലോ വീതം ബീഫ്, ഒരെണ്ണമൊഴികെ ഏഴുപേരും കഴിച്ചു

Tuesday 20 September 2022 11:57 AM IST

ഭോപ്പാൽ : നമീബിയയിൽ നിന്നും കൊണ്ടുവന്ന എട്ടു ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജന്മദിനമായ സെപ്തംബർ 17ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്ന് വിട്ടിരുന്നു. നമീബിയയിൽ നിന്നും ഭക്ഷണമൊന്നും നൽകാതെ ഒഴിഞ്ഞ വയറുമായെത്തിയ ചീറ്റകൾക്ക് ആദ്യം നൽകിയത് ബീഫാണ്. രണ്ട് കിലോ ബീഫ് വീതമാണ് എട്ടു ചീറ്റകൾക്കും നൽകിയത്. കുനോയിലെ പുതിയ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടുവരുന്ന ചീറ്റകൾ ആഹാരം സ്വീകരിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ എട്ടെണ്ണത്തിൽ ഏഴ് ചീറ്റകളും ബീഫ് കഴിക്കാൻ കൂട്ടാക്കി. ഞായറാഴ്ച വൈകിട്ടാണ് ആദ്യ ഭക്ഷണം ചീറ്റകൾക്ക് നൽകിയത്. എന്നാൽ ചില ചീറ്റകൾ ഭക്ഷണം മുഴുവൻ കഴിച്ചില്ല. എന്നാൽ ഇതിൽ അസ്വാഭാവികത ഇല്ലെന്ന് അധികൃതർ പറഞ്ഞു. സാധാരണ മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുന്ന ജീവികളാണ് ചീറ്റകൾ.

കൂട്ടിന് ആനകൾ

ചീറ്റകളെ സംരക്ഷിക്കാൻ രണ്ട് കരുത്തരായ ആനകളെയും അധികൃതർ കൊണ്ടു വന്നിട്ടുണ്ട്. നർമ്മദാപുരത്തെ സത്പുര ടൈഗർ റിസർവിലെ രണ്ട് ആനകളെയാണ് ഇതിനായി എത്തിച്ചത്. കഴിഞ്ഞ മാസമാണ് ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ കുനോയിൽ എത്തിച്ചത്. ഈ മേഖലയിൽ അഞ്ചോളം പുള്ളിപ്പുലികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചീറ്റപ്പുലികൾക്കായി തിരിച്ച മേഖലയിൽ അടുത്തിടെ എത്തിയ അഞ്ച് പുള്ളിപ്പുലികളിൽ നാലെണ്ണത്തെയും ഈ രണ്ട് ആനകൾ ഇടപെട്ടാണ് തുരത്തിയത്. ദേശീയ ഉദ്യാനത്തിലെ സുരക്ഷാ സംഘത്തോടൊപ്പം രണ്ട് ആനകളും ഇപ്പോൾ രാവും പകലും പട്രോളിംഗ് നടത്തുന്നുണ്ട്. രണ്ട് ആനകളും വനപാലകരോടൊപ്പം പട്രോളിംഗ് നടത്തി മറ്റ് വന്യമൃഗങ്ങളൊന്നും ചുറ്റുമതിലിലേക്കോ പരിസരത്തോ വരുന്നില്ലെന്ന് ഉറപ്പാക്കുന്നു.