ബിജെപി എം എൽ എ നിയമസഭയിൽ എത്തിയത് പശുവുമായി, ബഹളത്തിനിടയിൽ 'ഗോ മാതാവ്' ഓടിപ്പോയി

Tuesday 20 September 2022 3:00 PM IST

ജയ്പൂർ: പശുക്കളിൽ പടരുന്ന ത്വക് രോഗത്തെ കുറിച്ച് സർക്കാരിന്റെ ശ്രദ്ധയാകർഷിക്കാൻ പ്രതിപക്ഷാംഗമായ ബി ജെ പി എം എൽ എ പശുവുമായെത്തി. രാജസ്ഥാൻ നിയമസഭയിലാണ് പുഷ്‌കർ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് സിംഗ് റാവത്ത് പശുവുമായി എത്തിയത്. നിയമസഭാ വളപ്പിലേക്ക് അദ്ദേഹം പശുവുമായെത്തി. തുടർന്ന് എം എൽ എ താൻ ഉയർത്തുന്ന വിഷയം മാദ്ധ്യമപ്രവർത്തകരുമായി പങ്കുവച്ചു. എന്നാൽ ഇതിനിടയിൽ ബഹളം കേട്ട് ഭയന്ന പശു അവിടെ നിന്നും ഓടിപ്പോയി. ഇതേതുടർന്ന് എം എൽ എയുടെ അനുയായികൾ പശുവിനെ പിടികൂടുന്നതിനായി പിന്നാലെ പാഞ്ഞു.

പശുക്കൾ ത്വക്ക് രോഗബാധിതരാണെന്നും, ഇത് പരിഗണിക്കാതെ സംസ്ഥാന സർക്കാർ ഗാഢനിദ്രയിലാണെന്നും എംഎൽഎ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പശു തന്റെ കൈയിൽ നിന്നും ഓടിപ്പോയപ്പോഴേക്കും എം എൽ എ മറ്റൊരു ആരോപണവും ഉന്നയിച്ചു. ഗോമാതാവിന് സർക്കാരിനോട് ദേഷ്യമുണ്ട്, അതിനാലാണ് ഓടുന്നത് എന്നായിരുന്നു അപ്പോഴത്തെ നേതാവിന്റെ വാദം. പശുക്കളെ പരിപാലിക്കാൻ മരുന്നുകളും വാക്സിനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.