15-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Tuesday 20 September 2022 3:53 PM IST

പനാജി: 2020ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വിതരണം ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറിന് പനാജിയിലെ ഫോർച്യൂൺ മിരാമർ ഐടിസി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിനോയി സെബാസ്റ്റ്യൻ (കുവൈത്ത്), സുപ്രിയ ചെറിയാൻ (ഓസ്‌ട്രേലിയ), ശാന്തൻ നാണു (ഗോവ), വി ജെ മാത്യു (ഇന്തോനേഷ്യ), മോഹൻ നായർ (ഗുജറാത്ത്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

മികച്ച പ്രവാസി മലയാളി സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ ധാക്ക മലയാളി അസോസിയേഷനുള്ള പുരസ്‌കാരം ട്രഷറർ രാജേഷ് പെരിങ്ങേത്തും മികച്ച പ്രവാസി മലയാളി പ്രസ്ഥാനത്തിനുള്ള പുരസ്കാരം എൽ ഷെഡ്ഡായി ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി മാനേജിംഗ് ഡയറക്ടർ ജൂലിയ മാത്യൂസും ഏറ്റുവാങ്ങി. ഗോവ വ്യവസായ-ഗതാഗത വകുപ്പ് മന്ത്രി മൊവിൻ ഗുദിനോ, സൗത്ത് ഗോവ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ കൃഷ്ണ സാൽകാർ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും നൂറോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗളൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈത്ത്, യുഎഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാരദാനച്ചടങ്ങുകൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച 2021ലെ ഗർഷോം പുരസ്‌കാരങ്ങൾ 2022 നവംബർ 20ന് അസർബൈജാനിലെ ബാക്കുവിലും 2022ലെ ഗർഷോം പുരസ്‌കാരങ്ങൾ നവംബർ 22ന് ഗബാലയിലും നടക്കുന്ന ചടങ്ങുകളിൽ വച്ച് സമ്മാനിക്കും.