പാറശാല താലൂക്ക് ആശുപത്രിയിൽ ശുദ്ധജലത്തിനായി നെട്ടോട്ടം

Wednesday 21 September 2022 1:59 AM IST

പാറശാല: മാതൃകാ ആശുപത്രി എന്നറിയപ്പെടുന്ന പാറശാല താലൂക്ക് ആശുപത്രിയിലെ ശുദ്ധജല ക്ഷാമത്തിന് ഇനിയും പരിഹാരമില്ല. ദിവസേന 2000 ൽ പരം രോഗികൾ പുതുതായി ചികിത്സ തേടി എത്തുന്ന ഇവിടെ വിവിധ വാർ‌ഡുകളിലായി നൂറിലേറെ കിടപ്പുരോഗികളും ഉണ്ട്. ഇത്രയും ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണ് ശുദ്ധജലക്ഷാമം കാരണം വീർപ്പുമുട്ടുന്നത്. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി ആശുപത്രി വക വസ്തുവിലെ കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കാനും വണ്ടിച്ചിറ ശുദ്ധജല പദ്ധതിയിൽ നിന്ന് പ്രത്യേക പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കുന്നതിനും ആശുപത്രി പരിസരത്തായി രണ്ട് കുഴൽക്കിണറുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് വെള്ളം കിട്ടാത്തതു കാരണം ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്ററുകൾ, പ്രസവ വാർഡ് എന്നിവയുടെ സുഗമമായ പ്രവർത്തനത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പൈപ്പ് പൊട്ടിയാൽ...

അടിയന്തര ഘട്ടങ്ങളിൽ പാറശാല നിന്ന് ഫയർഫോഴ്‌സ് ശുദ്ധജലം എത്തിക്കുന്നുണ്ട്. ശുദ്ധജലം എത്തുക്കുന്നതിനായി സംവിധാനങ്ങൾ പലതുണ്ടെങ്കിലും വണ്ടിച്ചിറയിൽ നിന്ന് കുടിവെള്ളം എത്തിക്കുന്ന പൈപ്പ്‌ലൈൻ പൊട്ടിയാൽത്തന്നെ ആശുപത്രിയിലെ ശുദ്ധജല വിതരണം തകരാറിലാകും. പിന്നീടത് ദിവസങ്ങളോളം തുടരും. കിണറുകളും ജലസംഭരണികളായ ടാങ്കുകളും കൃത്യമായി പരിപാലിക്കാറില്ല. ജലവിതരണം ആശുപത്രിയിൽ തടസപ്പെടുമ്പോൾ ഇവിടെ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പലപ്പോഴും വെള്ളത്തിനായി നെട്ടോട്ടമോടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

പരിപാലനവും ഇല്ല

ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കുകളിൽ പലതും വ‌ൃത്തിയാക്കിയിട്ട് വർഷങ്ങളായി. കൂടാതെ കൃത്യമായി പരിപാലിക്കാത്തതും ശുദ്ധജല വിതരണത്തിലെ തകരാറുകൾക്ക് കാരണമായി പറയുന്നുണ്ട്. ആശുപത്രിയിലെ ശുദ്ധജല വിതരണത്തിലെ കൃത്യത ഉറപ്പാക്കുന്നതിനായി സ്ഥിരമായി നിയമിച്ചിട്ടുള്ള ഒരു പ്ലംബർക്ക് പുറമെ ദിവസ വേതനാടിസ്ഥാനത്തിൽ മറ്റൊരാളെയും നിയമിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലനം നടക്കുന്നില്ലെന്നാണ് പൊതു ആക്ഷേപം.

തുരുമ്പെടുത്ത് ഉപകരണങ്ങൾ

രോഗികൾക്കായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് വാർഡുകൾ തോറും മിനറൽ വാട്ടർ വിതരണ മെഷീനുകളും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലുംഅവയെല്ലാം നോക്കുകുത്തികളായി അവശേഷിക്കുകയാണ്. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതുകാരണം ആശുപത്രിയിലെ ഷീറ്റുകളും മറ്റും അലക്കി സൂക്ഷിക്കുന്നതിനായി കോടികൾ ചെലവാക്കി വാങ്ങിക്കൂട്ടിയ അലക്ക് യന്ത്രങ്ങളും വെളിച്ചംകാണാതെ തുരുമ്പെടുത്തു.

Advertisement
Advertisement