സാമ്പത്തിക സംവരണം: 50% സംവരണ പരിധിയെ ബാധിക്കില്ലെന്ന് കേന്ദ്രം

Wednesday 21 September 2022 12:35 AM IST

ന്യൂഡൽഹി:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനം സംവരണം 50 ശതമാനം സംവരണ പരിധിയെ ബാധിക്കില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സാമ്പത്തിക

സംവരണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ ഭരണഘടനാ ബെഞ്ചിൽ കേന്ദ്ര സർക്കാരിന് വേണ്ടി വാദം നടത്തുകയായിരുന്നു അദ്ദേഹം.

മുന്നാക്ക സംവരണം പട്ടികജാതി - വർഗ വിഭാഗങ്ങളെ ബാധിക്കില്ല. പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്ക് ഭരണഘടനപരമായി ആനുകൂല്യങ്ങൾ ഉറപ്പ് നൽകുന്നുണ്ട്. നിലവിലുള്ള സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ സാമ്പത്തിക സംവരണം നൽകിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 18.2 ശതമാനം ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആകെ ജനസംഖ്യ 25 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് വേണ്ടിയുള്ള വാദം ഇന്നലെ അവസാനിച്ചു. ഹർജികളിൽ ഇന്നും വാദം തുടരും.

Advertisement
Advertisement