 രാഷ്‌ട്രീയ പാർട്ടികൾക്ക് തിര. കമ്മിഷന്റെ കുരുക്ക്:..... 2000 രൂപയ്‌ക്ക് മുകളിലുള്ള സംഭാവന വെളിപ്പെടുത്തണം

Wednesday 21 September 2022 12:38 AM IST

ന്യൂഡൽഹി: കള്ളപ്പണം ഇല്ലാതാക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ 2,000 രൂപയ്‌ക്ക് മുകളിൽ പണമായി ലഭിക്കുന്ന സംഭാവനകൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന് കത്തെഴുതി. ഇതിനായി ചട്ടത്തിൽ ഭേദഗതി വരുത്തണം. നിലവിൽ 20,000 രൂപയ്‌ക്ക് മുകളിലുള്ള സംഭാവനകളാണ് വെളിപ്പെടുത്തേണ്ടത്. അംഗീകാരമില്ലാത്ത പാർട്ടികൾക്ക് സംഭാവന നൽകിയതിന്റെ പേരിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്മിഷൻ ശുപാർശ.

ഒരു പാർട്ടിക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ 20 ശതമാനമോ പരമാവധി 20 കോടി രൂപയോ മാത്രം പണമായി സ്വീകരിക്കാവൂ. നിലവിൽ രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയ്‌ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. പുതിയ നിർദ്ദേശത്തോടെ ഫണ്ടിംഗിൽ സുതാര്യത വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തൽ. ചില പാർട്ടികളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്‌തപ്പോൾ 20,000 രൂപയുടെ പരിധിക്കു താഴെയായി വലിയ തോതിൽ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.

2,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകൾക്ക് ഡിജിറ്റൽ ഇടപാടുകളോ അക്കൗണ്ട് പേയീ ചെക്ക് ട്രാൻസ്‌ഫറുകളോ നിർബന്ധമാക്കും. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് വേണമെന്ന നിർദ്ദേശവും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. വിദേശ സംഭാവനകൾ നിയന്ത്രിക്കാനുള്ള സംവിധാനം വേണമെന്നും ആവശ്യമുണ്ട്.

പിടിമുറുക്കുന്ന സംഭാവന

 വെളിപ്പെടുത്തേണ്ട സംഭാവന- 2000 രൂപയ്‌ക്ക് മുകളിൽ

 മുമ്പ് വെളിപ്പെടുത്തേണ്ട സംഭാവന- 20,000

 പണമായി വാങ്ങാവുന്ന പരമാവധി സംഭാവന- 20 കോടി

 2,000 രൂപയ്‌ക്ക് മുകളിലുള്ള ചെലവുകൾക്ക് ഡിജിറ്റൽ ഇടപാടുകളോ അക്കൗണ്ട് പേയീ ചെക്ക് ട്രാൻസ്‌ഫറുകളോ നിർബന്ധം

 തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട്

Advertisement
Advertisement