 കോൺഗ്രസ് അദ്ധ്യക്ഷൻ:..... രാഹുലിന്റെ സാദ്ധ്യത തള്ളാതെ നേതൃത്വം

Wednesday 21 September 2022 1:56 AM IST

ന്യൂഡൽഹി: വിവിധ സംസ്ഥാന പി.സി.സികൾ പ്രമേയം പാസാക്കിയതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്താനുള്ള സാദ്ധ്യത തള്ളാതെ കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവയ്‌ക്കു പിന്നാലെ തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, ജമ്മു കാശ്മീർ, ഹരിയാന, മഹാരാഷ്ട്രാ പി.സി.സികളും രാഹുലിനായി പ്രമേയം പാസാക്കി.

അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരസാദ്ധ്യത വർദ്ധിച്ച സാഹചര്യത്തിൽ ഭാരത് ജോഡോ യാത്രയിലായിരുന്ന സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സോണിയാഗാന്ധി അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. അദ്ധ്യക്ഷനായി മത്സരിക്കുന്ന കാര്യം രാഹുൽ അറിയിച്ചിട്ടില്ലെന്ന് സോണിയയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രവർത്തകർ വികാരം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രയ്‌ക്കിടെ ഡൽഹിക്ക് വരാനുള്ള തീരുമാനം രാഹുൽ മാറ്റി.

 ഉപാധിയുമായി ഗെഹ്‌ലോട്ട്

ഔദ്യോഗിക പക്ഷ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുള്ള അശോക് ഗെഹ്‌ലോട്ട് താൻ മത്സരിക്കണമെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്ന ഉപാധി മുന്നോട്ടു വച്ചെന്നാണ് സൂചന. സോണിയ മുഴുവൻ സമയ അദ്ധ്യക്ഷയായി തുടർന്നാൽ മുഖ്യമന്ത്രി പദത്തിലിരുന്ന് വർക്കിംഗ് പ്രസിഡന്റാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഗെഹ്‌ലോട്ട് സോണിയയെ കാണും. ഇന്നലെ രാജസ്ഥാനിലെഎം.എൽ.എമാരുടെ അടിയന്തര യോഗം അദ്ദേഹം വിളിച്ചിരുന്നു.

മുഖ്യമന്ത്രി പദം തന്റെ എതിരാളിയായ സച്ചിൻ പൈലറ്റിന് നൽകാൻ ഗെഹ്‌ലോട്ട് തയ്യാറല്ല. ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നാൽ തന്റെ വിശ്വസ്തനെ രാജസ്ഥാൻ ഭരണം ഏൽപ്പിക്കാനും ഗെഹ്‌ലോട്ട് നീക്കം നടത്തുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സച്ചിൻ പൈലറ്റ് ഇന്നലെ ഡൽഹിയിലെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാജസ്ഥാൻ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

 തരൂരിനും വെല്ലുവിളി

ഡോ. ശശി തരൂർ സോണിയാഗാന്ധിയെ കണ്ട് മത്സരിക്കാൻ അനുമതി തേടിയത് വിമതപക്ഷത്തും അസ്വാരസ്യങ്ങളുണ്ടാക്കി. രാഹുൽ അദ്ധ്യക്ഷനായാൽ മത്സരിക്കില്ലെന്ന തരൂരിന്റെ നിലപാടിനോടും മനീഷ് തിവാരി അടക്കം ജി23 നേതാക്കൾക്ക് യോജിപ്പില്ല. തരൂരിന് പകരം സ്ഥാനാർത്ഥിയാകാൻ തിവാരി തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

തരൂരിനെ കെ.പി.സി.സി പിന്തുണയ്‌ക്കില്ലെന്ന് എം.പിമാരായ കെ. മുരളീധരനും കൊടിക്കുന്നിൽ സുരേഷും തുറന്നടിച്ചു.

Advertisement
Advertisement