 അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ഇരുമ്പ് പാര കണ്ടെടുത്തു, പൊലീസ് ഝാർഖണ്ഡിലേക്ക്

Wednesday 21 September 2022 1:43 AM IST

വിഴിഞ്ഞം: ഝാർഖണ്ഡ് സ്വദേശി തലയ്‌ക്കടിയേറ്റ് മരിച്ച സംഭവത്തിൽ ഫോറൻസിക് വിഭാഗം നടത്തിയ തെളിവെടുപ്പിൽ അടിക്കാനുപയോഗിച്ച ഇരുമ്പുപാരയും രക്തക്കറ തുടച്ചു നീക്കിയ തുണിക്കഷണവും കണ്ടെത്തി. വിഴിഞ്ഞം പൊലീസിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയത്. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയും കൂട്ടിയാണ് തെളിവെടുപ്പ് നടത്തിയത്. ഇതിനിടെ ഒളിവിൽ പോയ പ്രതിയെയും കൂടെയുള്ള ആളെയും കണ്ടെത്താൻ പൊലീസ് സംഘം ഝാർഖണ്ഡിലേക്ക് തിരിച്ചു. 17 രാത്രി 9 ന് പുളിങ്കുടി നെട്ടത്താന്നി റോഡിലെ വീട്ടിലാണ് തലയ്‌ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഝാർഖണ്ഡ് സ്വദേശി കന്ത്ന ലൊഹറൻ (40) മരിച്ചത്.

പുറത്തു നിന്നും മദ്യപിച്ച ശേഷം വീട്ടിൽ മടങ്ങിയെത്തിയ കൊല്ലപ്പെട്ടയാളും ഒളിവിൽ കഴിയുന്ന പ്രതിയും തമ്മിൽ മദ്യം വാങ്ങിയ തുക പങ്കിടുന്നത് സംബന്ധിച്ച് തർക്കമുണ്ടായതാണ് സൂചന. തുടർന്ന് വീടിനു പുറത്തേക്കിറങ്ങിയ കന്ത്ന ലൊഹറൻ തടിക്കഷണവുമായി അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോൾ വീടിനകത്തുനിന്ന പ്രതി ഒരു മീറ്റർ നീളമുള്ള ഇരുമ്പു പാര ഉപയോഗിച്ച് തലക്കടിച്ചു എന്നാണ് പൊലീസ് പറയുന്നത്. അടിയേറ്റ് അരമണിക്കൂറോളം കിടന്ന തൊഴിലാളിയെ സംഭവമറിഞ്ഞ് വീട്ടുടമസ്ഥൻ എത്തിയ ശേഷമാണ് ആശുപ്രതിയിലെത്തിച്ചത്. കൂടെ കൂടെ പ്രതിയും കൂടെ താമസിക്കുന്നയാളുമുണ്ടായിരുന്നു.

സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇയാൾ മരിച്ചു എന്നറിഞ്ഞതോടെ ആശുപത്രിയിലെത്തിച്ചവർ ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ. കെ.എൽ.സമ്പത്തിന്റെയും സയന്റിഫിക് അസിസ്റ്റന്റ് ഓഫീസർ രഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഫൊറൻസിക് സയൻസ് വിഭാഗമാണ് പരിശോധനക്ക് എത്തിയത്.