ഭക്ഷണത്തിൽ ചത്ത അട്ടയുടെ അവശിഷ്ടം: ഡയബറ്റീസ് സെന്ററിന്റെ കാന്റീൻ പൂട്ടി

Wednesday 21 September 2022 2:43 AM IST

തിരുവനന്തപുരം: തക്കാളിക്കറിയിൽ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം കിട്ടിയെന്ന പരാതിയെ തുടർന്ന് പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റീസിന്റെ കാന്റീൻ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാന്റീന് നോട്ടീസ് നൽകി പിഴയും ചുമത്തി. പള്ളിത്തുറ നെഹ്റു ജംഗ്ഷനിൽ മണക്കാട്ട് വിളാകത്തിൽ ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. അജിയെന്നയാളാണ് കാന്റീൻ നടത്തിപ്പുകാരൻ.

സംഭവം ഇങ്ങനെ: ഇന്നലെ രാവിലെ 10ഓടെ ഭാര്യ ലീലയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഉദയകുമാർ ഡയബറ്റിക് സെന്ററിലെത്തിയത്. ആഹാരത്തിന് മുമ്പുള്ള രക്തപരിശോധന കഴിഞ്ഞ് ഭക്ഷണം കഴിക്കാനാണ് ഇരുവരും കാന്റീനിലെത്തിയത്. ആഹാരത്തിനുശേഷവും രക്തപരിശോധനയുണ്ടായിരുന്നു. ഇരുവരും ചപ്പാത്തിയും ഓരോ തക്കാളിക്കറിയും വാങ്ങി കഴിക്കുന്നതിനിടെയാണ് അട്ടയുടെ അവശിഷ്ടം ഉദയകുമാർ വാങ്ങിയ കറിയിൽ കണ്ടെത്തിയത്. ഇക്കാര്യം കാന്റീനിൽ അറിയിച്ചെങ്കിലും ' തക്കാളിയിലെ പുഴുവായിരിക്കുമെന്ന' മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് ഉദയകുമാർ ഭക്ഷസുരക്ഷാ വിഭാഗത്തിനും നഗരസഭയ്‌ക്കും പരാതി നൽകിയത്.

സ്ഥലത്തെത്തിയ ഇരുവിഭാഗം ഉദ്യോഗസ്ഥരും ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തും മുമ്പ് കാന്റീനും പരിസരവും വൃത്തിയാക്കിയെന്ന് ഉദയകുമാർ പറഞ്ഞു.

കാന്റീൻ നടത്തിപ്പ് നിലവിലുള്ളവരിൽ നിന്ന് മാറ്റും. ഇതിനായുള്ള

നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഡോ.പി.കെ ജബ്ബാർ, ഡയറക്ടർ

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഡയബറ്റീസ്

Advertisement
Advertisement