രണ്ട് വർഷത്തെ പ്രണയം, ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു; പ്രതിശ്രുത വധുവും ആൺസുഹൃത്തുക്കളും ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

Wednesday 21 September 2022 8:00 AM IST

ബംഗളൂരു: തന്റെ നഗ്ന ചിത്രം പങ്കുവച്ച യുവ ‌ഡോക്ടറെ പ്രതിശ്രുത വധുവും സുഹ‌ൃത്തുക്കളും കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ‌ഡോ. വികാസ് രാജനാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആർക്കിടെക്ട് പ്രതിഭ, സുഹൃത്തുക്കളായ ഗൗതം, സുശീൽ, സുനിൽ എന്നിവരാണ് അറസ്റ്റിലായത്.

ഒരാഴ്ച മുമ്പാണ് വികാസിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. ശരീരത്തിൽ സാരമായ മുറിവുകൾ ഉണ്ടായിരുന്നതിനാൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

രണ്ട് വർഷം മുമ്പാണ് പ്രതിഭയുമായി വികാസ് പ്രണയത്തിലായത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു.

എന്നാൽ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ തന്റെ നഗ്നചിത്രങ്ങൾ കണ്ട പ്രതിഭ വിവരം വികാസിനോട് പറഞ്ഞു. എന്നാൽ തമാശക്കായി വ്യാജ ഐ.ഡി ഉപയോഗിച്ച് താനാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതെന്നായിരുന്നു വികാസിന്റെ മറുപടി. ഇതേത്തുടർന്നാണ് വികാസിനെ കൊന്നത്.

പ്രതിഭ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ഒത്തുചേരലിലേക്ക് വികാസിനെ വിളിച്ചുവരുത്തിയ ശേഷം ഫ്ലോർ മോപ്പ് ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ തന്റെ പങ്ക് പുറത്തു വരാതിരിക്കാൻ വാക്കേറ്റത്തിൽ പരിക്കേറ്റെന്നാണ് പ്രതിഭ പറഞ്ഞിരുന്നത്.