പഞ്ചാബിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Wednesday 21 September 2022 11:22 AM IST

ചണ്ഡീഗഡ്:പഞ്ചാബ് ജലന്ധറിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് ജലന്ധർ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ ബി. ഡിസൈൻ വിദ്യാർത്ഥിയായ അഖിൻ എസ് ദിലീപ്(21) ആണ് മരിച്ചത്. ചേർത്തല പള്ളിപ്പുറം സ്വദേശിയാണ് അഖിൻ. മരിച്ച വിദ്യാർത്ഥിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കുട്ടിയുടെ ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് സർവകലാശാല അധികൃതരും പൊലീസും പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി.

അതേസമയം, കാമ്പസിൽ പത്തുദിവസത്തിനിടെ നടന്ന രണ്ടാമത്തെ ആത്മഹത്യയാണിതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആദ്യത്തെ സംഭവം സർവകലാശാല അധികൃതർ മൂടിവച്ചതായും രണ്ട് ആത്മഹത്യകൾക്ക് പിന്നിലെയും യഥാർത്ഥ കാരണം അറിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി ജീവനൊടുക്കിയപ്പോൾ സർവകലാശാല അധികൃതർ എല്ലാം ഒതുക്കിതീർക്കുകയാണ് ചെയ്‌തെന്നും പ്രതിഷേധത്തിനിറങ്ങിയ വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.