അവർ ഒത്തുചേരും,​ 'നേവിസിന്റെ അവയവങ്ങ'ളുമായി.

Thursday 22 September 2022 12:00 AM IST

കോട്ടയം. നേവിസ് തങ്ങളെ വിട്ടുപോയിട്ടില്ലെന്ന ബോദ്ധ്യത്തിലാണ് കളത്തിപ്പടി പീടികയിൽ സാജനും ഷെറിനും ജീവിക്കുന്നത്. അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മകന്റെ അവയവങ്ങൾ ഏഴു പേർക്കാണ് പുതുജീവൻ നൽകിയത്. അവരെല്ലാം 24ന് 3ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ ഒത്തുചേരും. ചരിത്രത്തിലാദ്യമായാണ് ഒരാളുടെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം ഒരിടത്ത്, ഒരു പൊതുചടങ്ങിൽ ഒരുമിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 24 നായിരുന്നു നേവിസിന്റെ മരണം. രക്തത്തിൽ ​ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ നെവിസിനെ ആദ്യം കോട്ടയത്തെയും പിന്നീട് എറണാകുളത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മകന്റെ അവയവങ്ങൾ ഏഴ് പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായത്.

ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിനാണ് നൽകിയത്. കരൾ നിലമ്പൂർ സ്വദേശിയായ വിനോദിനും വൃക്കകൾ തൃശൂർ സ്വദേശി ബെന്നിക്കും മലപ്പുറം സ്വദേശി അൻഷിഫിനും ദാനം ചെയ്തു. ബെള്ളാരി സ്വദേശിയായ ബസവണ്ണ ഗൗഡയ്ക്കാണ് ഇരുകൈകളും ദാനം ചെയ്തത്. നേവിസിന്റെ കണ്ണുകൾ കോട്ടയം സ്വദേശികളാണ് സ്വീകരിച്ചത്. ഇവരെല്ലാം ഒരു വേദിയിലെത്തുമ്പോൾ അവയവദാന ബോധവത്കരണത്തിനപ്പുറം മനുഷ്യസ്നേഹത്തി​ന്റെ മനോഹരമായ കൂടിക്കാഴ്ചയും സാദ്ധ്യമാകും. മകന്റെ കരങ്ങളെ വീണ്ടും പുണരാൻ അമ്മയ്ക്കാകും. ഒപ്പം മകന്റെ ഹൃദയം തുടിക്കുന്ന പ്രേംചന്ദിനെ സാജൻ ചേർത്തുപിടിയ്ക്കും.

നേവിസി​ന്റെ ഓർമ്മയ്ക്കായി രൂപീകരിച്ചിരിക്കുന്ന ജീവകാരുണ്യ സംഘടനയായ നേവിസ് നുവോ ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനവും ചടങ്ങിൽ നടക്കും. തിരുവല്ല അതിരൂപതാ മെത്രാൻ തോമസ് മാർ കുറീലോസ്, മന്ത്രിമാരായ വീണാ ജോർജ്, വി.എൻ.വാസവൻ, ജോസ് കെ.മാണി എം.പി, ഉമ്മൻ ചാണ്ടി എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ്, നിർമ്മല ജിമ്മി തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement