മേവൻ മിസ് പ്ലസ് സൈസ് സീസൺ 5. 'തടിച്ചി'കൾക്കൊപ്പം മൽസരിക്കാൻ ജിൻസിയുമുണ്ട്.

Thursday 22 September 2022 12:00 AM IST

കോട്ടയം. തടിച്ചി എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുകയാണ് കഞ്ഞിക്കുഴി ദീപ്തി നഗർ കാഞ്ഞിരപ്പാറയിൽ ജിൻസി പോൾ (41). ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവൻ മിസ് പ്ലസ് സൈസ് സീസൺ 5ലെ ഫൈനലി​സ്റ്റുകളിൽ കേരളത്തിൽ നിന്ന് ജിൻസി മാത്രമാണുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഓഡിഷനിൽ പങ്കെടുത്ത ആയിരം പേരിൽ നിന്നാണ് അവസാന റൗണ്ടിൽ ജിൻസിയടക്കം 82 പേർ ഇടം പിടിച്ചത്. ബംഗളൂരുവിൽ നടന്ന ഓഡിഷനിലായിരുന്നു ജിൻസിക്ക് പ്രവേശനം. 24ന് നടക്കുന്ന ഫൈനലിൽ ദക്ഷിണ മേഖലയുടെ പ്രതിനിധിയായി പങ്കെടുക്കും. ഇതിനായി ഡൽഹിയിലെ ​താജ് ഹോട്ടലിൽ നടക്കുന്ന ഗ്രൂമിംഗ് സെഷന്റെ തിരക്കിലാണ് ജിൻസി.

ബോഡി ഷെയ്മിംഗ് മടുപ്പിച്ചു.

വണ്ണക്കൂടുതൽ കാരണം ചെറുപ്പംതൊട്ടേ കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും പരിഹാസമേറ്റായിരുന്നു വളർന്നത്. ബോഡി ഷെയിമിംഗ് നേരിട്ടപ്പോഴൊക്കെ മനസ് തകർന്നു. വണ്ണക്കൂടുതൽ കാരണം കൂട്ടുകാർ കളികളിൽ പങ്കെടുപ്പിച്ചിരുന്നില്ല. സ്നേഹത്തിന്റെ മാനദണ്ഡം വണ്ണക്കുറവും നിറവുമൊക്കെയാണെന്നുള്ള തോന്നൽ മനസിനെ നീറ്റി. തന്നെപ്പോലെ അപമാനങ്ങളുടെ പടുകുഴിയിൽപ്പെട്ടവർക്കായുള്ള പോരാട്ടമായാണ് ജിൻസി മത്സരിക്കാൻ തീരുമാനിച്ചത്.

തിരിച്ചുവരവിന് തുണച്ചത് റീൽസുകൾ.

2007 മുതൽ 2009 വരെ അദ്ധ്യാപികയായിരുന്നു. 2016ൽ തൈറോയിഡിന് നടത്തിയ ഓപ്പറേഷൻ വീണ്ടും തടി കൂട്ടി. എങ്കിലും ജിൻസി തളർന്നില്ല. ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും സജീവമായപ്പോഴാണ് സൗന്ദര്യ മത്സരത്തെപ്പറ്റി അറിയുന്നത്. ഓഡിഷനിലെ മൂന്നു സെഷനിലും വിജയിച്ച് ഫൈനലിൽ പ്രവേശനം നേടിയതോടെ ജിൻസിയുടെ സ്വപ്നങ്ങൾക്കും ചിറക് മുളച്ചു. സൈനിക ഉദ്യോ​ഗസ്ഥനായ ഭർത്താവ് ബോബുവും മക്കളായ ആൻമരിയയും അൽഫോൻസയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ഫൈനലിൽ ജിൻസിയുടെ പ്രകടനം കാണാൻ ബോബുവും മക്കളും ഡൽഹിയിലെത്തും.

'' നമ്മുടെ ആ​ഗ്രഹങ്ങൾക്ക് പ്രായമോ പരിധിയോ ഇല്ല. ബോഡി ഷെയ്മിംഗ് നടത്താൻ ഒരുപാട് പേർ ഉണ്ടാകും. എന്നാൽ സ്വപ്നങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ട് നീങ്ങുക. ഈ പരിശ്രമത്തിലൂടെ ഞാൻ എ​ന്റെ മക്കൾക്ക് ഒരു പാഠമാകുകയാണ്'' -ജിൻസി.

Advertisement
Advertisement