കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്നാമതൊരാളും ,​ മത്സരിക്കുമെന്ന് സൂചന നൽകി മുൻമുഖ്യമന്ത്രി,​ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്

Wednesday 21 September 2022 7:55 PM IST

ന്യൂഡൽഹി : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചന നൽകി മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ് വിജയ സിംഗ്. തിരഞ്ഞെടുപ്പിൽ ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും തനിക്കും യോഗ്യതയുണ്ടെന്നും ദിഗ് വിജയ സിംഗ് പറഞ്ഞു. നാമ നിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മുപ്പതാം തീയതി വരെ കാത്തിരിക്കാനും അദ്ദേഹം എൻ,​ഡി,ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്താൽ ഗെലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും തിരുവനന്തപുരം എം.പി ശശി തരൂരും മത്സരിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മത്സരിക്കാൻ ഗാന്ധി കുടുംബത്തിൽ നിന്നാരുമില്ലെന്നത് ആശങ്കപ്പെടേണ്ട കാര്യമല്ല. ആർക്ക് വേണമെങ്കിലും മത്സരിക്കാം. ആർക്കെങ്കിലുംമത്സരിക്കാൻ താത്പര്യമില്ലെങ്കിൽ അവരെ സമ്മർദ്ദം ചെലുത്തി മത്സരിപ്പിക്കാനാകില്ല. പ്രസിഡന്റ് ആയില്ലെങ്കില്‍ൽ രാഹുല്‍ ഗാന്ധി പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നല്‍കുന്ന ചുമതല ഏതായാലും അത് വഹിക്കുമെന്ന് സിംഗ് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കുന്ന 119 യാത്രികരിൽ ഒരാൾ മാത്രമാണ് രാഹുൽ ഗാന്ധി എന്നും അദ്ദേഹം പറഞ്ഞു.