രാഘവേട്ടൻ സൈക്കിളോട്ടത്തിലാണ് 54ാം വർഷത്തിലും

Wednesday 21 September 2022 9:41 PM IST
54 വർഷമായി സൈക്കിൾ യാത്ര തുടരുന്ന പയ്യന്നൂരിലെ സി.പി.എം.നേതാവ് കെ.രാഘവൻ

പയ്യന്നൂർ : യാത്ര സൈക്കിളിലാണെങ്കിൽ ഒരുപിടി നേട്ടങ്ങളുണ്ടെന്ന് കെ.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പയ്യന്നൂർ കിഴക്കേ കണ്ടങ്കാളിയിലെ സി.പി.എം നേതാവ് കെ.രാഘവൻ പറയും. പരിചയക്കാരേയും നാട്ടുകാരേയും കണ്ട് സംസാരിക്കാം,പരിചയം പുതുക്കാം, ഏത് ഊടുവഴിയിലൂടെയും പോകാം. കാറിലും മറ്റ് വാഹനങ്ങളിലുമായാൽ ഇതിനുള്ള സാദ്ധ്യത കുറവാണെന്നതു കൊണ്ട് യാത്ര സൈക്കിളിലാക്കിയിരിക്കുകയാണ് ഈ എഴുപത്തിയഞ്ചുകാരൻ.

54 വർഷമായി സൈക്കിളിൽ യാത്ര ചെയ്യുകയാണ് രാഘവൻ.ചിലവ് കുറഞ്ഞ യാത്ര ആരോഗ്യപ്രദം കൂടിയാണെന്ന് രാഘവേട്ടനെ കാണുന്നവർ പറയും. സദാസമയത്തും പ്രസന്നവദനനായി ജനങ്ങൾക്കിടയിൽ തന്നെ കഴിയുന്ന ഇദ്ദേഹം സി.പി.എം എരിയാകമ്മിറ്റിയംഗം, സി.ഐ.ടി.യു ജില്ലാകമ്മിറ്റിയംഗം, കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ പയ്യന്നൂർ ഏരിയാപ്രസിഡന്റ്, ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ് എംപ്ളോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. പാർട്ടിപ്രവർത്തകൻ എന്ന നിലയിൽ നിരവധി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ബീഡി കമ്പനിയിൽ ജോലി ചെയ്ത് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചാണ് 1968ൽ ആദ്യമായി ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിയത്. കണ്ടങ്കാളിയിൽ നിന്നും പയ്യന്നൂർ ബസാറിലെ ബീഡി കമ്പനിയിലേക്കുള്ള യാത്രക്കായാണ് സൈക്കിൾ വാങ്ങിയത്.പാർട്ടി പ്രവർത്തനത്തിനും ഇത് ഉപകാരമായി കണ്ടു. പിന്നീടുള്ള യാത്ര മുഴുവൻ സൈക്കിളിലായി .

സൈക്കിളുകൾ പ്രിയപ്പെട്ടതാണെങ്കിലും ആരിൽ നിന്നും ഉപകാരമായി സൈക്കിൾ സ്വീകരിക്കാൻ കെ.ആർ തയ്യാറായിട്ടില്ല. പലരും വാഗ്ദാനം ചെയ്തെങ്കിലും സ്നേഹപൂർവം നിരസിക്കുകയായിരുന്നു. മികച്ച കർഷകനെന്ന നിലയിലും ക്ഷീരകർഷകനെന്ന നിലയിലും മികവ് തെളിയിച്ച ആളുകൂടിയാണ് രാഘവൻ.ഈ നിലയിൽ നഗരസഭയും മറ്റ് പല സംഘടനകളും കെ.രാഘവനെ ആദരിച്ചിട്ടുണ്ട്. പരേതയായ എൻ.വി.കാർത്യായനിയാണ് ഭാര്യ. റൂറൽ ബാങ്ക് മാനേജർ സുനിൽകുമാർ, ചുമട്ട് തൊഴിലാളി സുധീർ കുമാർ, കുഞ്ഞിമംഗലത്ത് സൈക്കിൾ ഷാപ്പ് നടത്തുന്ന സുരേഷ് കുമാർ എന്നിവർ മക്കളാണ്. കെ.തമ്പായി, നഗരസഭ കൗൺസിലർ കെ.ബാലൻ, ഓട്ടോ ഡ്രൈവർ കെ.കുമാർ എന്നിവർ സഹോദരങ്ങളാണ്.

മോഷ്ടാക്കൾക്കും പ്രിയം ആ സൈക്കിളുകൾ

അൻപത്തിനാലു വർഷത്തിനിടയിൽ കെ. ആറിന്റെ സൈക്കിളുകൾ ആറുതവണ മോഷണം പോയിട്ടുണ്ട്. പക്ഷേ സൈക്കിൾ കെ.ആറിന്റേതെന്ന് കണ്ട് നാലു തവണ തിരിച്ചുകിട്ടിയെന്നതാണ് അത്ഭുതകരം. കൂട്ടത്തിൽ ഒരു മോഷ്ടാവ് മാപ്പെഴുതി വച്ചാണ് സൈക്കിൾ എടുത്ത സ്ഥലത്ത് തിരികെ വച്ചത്. മറ്റൊരാൾ നേരിട്ട് വീട്ടിലെത്തി മാപ്പ് പറഞ്ഞ് സൈക്കിൾ തിരിച്ച് ഏൽപ്പിച്ചു. അയാളെ സ്വീകരിച്ചിരുത്തി ചായകൊടുത്ത് സൽക്കരിച്ചാണ് കെ. ആർ. യാത്രയാക്കിയത്. എന്നാൽ കളവ് പോയതിൽ രണ്ടെണ്ണം ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ല.

Advertisement
Advertisement