പ്രതീക്ഷയുടെ കതിരൊടിഞ്ഞു നെല്ലറയിൽ ‘കന്നി’ക്കൊയ്ത്താരംഭിച്ചു

Thursday 22 September 2022 12:00 AM IST

പാലക്കാടിന് ഇത് കൊയ്ത്തുകാലമാണ്, വിളഞ്ഞുനിൽക്കുന്ന പാടം ഓരോന്നും നെല്ലറയിലെ കർഷകരുടെ പ്രതീക്ഷയാണ്, സമ്പാദ്യമാണ്. എല്ലുമുറിയെ പണിയെടുത്തതിന്റെ നേർസാക്ഷ്യമാണ് പാടത്തെ ഈ നിറവിളവ്. എതു പ്രതികൂല കാലാവസ്ഥയിലും മുടക്കം വരുത്താതെ നഷ്ടം സഹിച്ചും പരമ്പരാഗതമായി കൃഷിയിറക്കിയവർ ഈ കൊയ്ത്ത് കാലത്ത് ദുരിതത്തിലാണ്. കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാത്തത് കർഷകരുടെ സകല പ്രതീക്ഷകളുടെയും കതിരൊടുക്കുകയാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലളക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കണ്ണാടി. പാലക്കാട്, ആലത്തൂർ താലൂക്കുകളിലും പട്ടാമ്പി, തൃത്താല മേഖലകളിലും ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. നെല്ലു സംഭരണം ആരംഭിക്കാത്തതിനാൽ, കൊയ്‌തെടുത്ത നെല്ല് എത്രനാൾ സൂക്ഷിക്കേണ്ടിവരുമെന്ന ആധിയിലും ഭീതിയിലുമാണു കൃഷിക്കാർ. ഇതിനിടെ മഴ പെയ്താൽ കൊയ്‌തെടുക്കുന്ന നെല്ല് ഉണക്കി സൂക്ഷിക്കാൻ പോലും സാധിക്കില്ല. മഴ നനഞ്ഞ നെല്ല് ഒരിടത്ത് കൂട്ടിയിട്ടാൽ മുളപൊട്ടി നശിക്കും. ഇതോടെ കിട്ടുന്ന വിലയ്ക്ക് നെല്ല് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകും.

ജില്ലയിൽ ഒന്നാംവിള നെൽകൃഷിയിൽ കൊയ്ത്ത് ആരംഭിച്ച ഓങ്ങല്ലൂർ, കൊപ്പം, ചാലിശ്ശേരി പഞ്ചായത്തുകളിൽ നെല്ലെടുക്കുന്നതിന് ആറു മില്ലുകളെ ചുമതലപ്പെടുത്തിയതായി ജില്ല പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. ഇത് അല്പം ആശ്വസം നൽകുന്നു. മൂന്ന് പഞ്ചായത്തുകളിലായി ഒൻപത് പാടശേഖരങ്ങളിലെ 151 കർഷകരുടെ 250 ഏക്കറിലെ നെല്ലെടുക്കുന്നതിനാണ് ആറ് മില്ലുകളെ ചുമതലപ്പെടുത്തിയത്. നിലവിൽ നെല്ലുണക്കുന്ന പണികൾ പുരോഗമിക്കുകയാണ്. ഉണക്കുന്നതിനനുസരിച്ച് നെല്ല് എടുക്കുമെന്നും ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു.

കൂടുതൽ രജിസ്ട്രേഷൻ പാലക്കാട്

സംസ്ഥാനത്ത് ഇതിനകം 79,125 കർഷകർ നെല്ലു സംഭരണത്തിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിൽ നിന്നാണ്; 55,169 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്ന് 8764 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെയാണ്. വയനാട് (6567), കോട്ടയം (4219), തൃശൂർ (2047), തിരുവനന്തപുരം (692), എറണാകുളം (688), മലപ്പുറം (418), കണ്ണൂർ (311), കാസർകോട് (124), കൊല്ലം (120), പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മൂന്നു പേർ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പാലക്കാട്, തൃശൂർ ജില്ലകളിൽ 85000, 60000 വീതം ഏക്കറുകളിൽ നിന്ന് യഥാക്രമം 1.9 ലക്ഷം ടണ്ണും 12,000 ടണ്ണും വിളവുമാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് ജില്ലയിൽ സെപ്തംബർ രണ്ടാം വാരത്തോടെ ആരംഭിച്ച കൊയ്ത്ത് ഒക്ടോബർ, നവംബർ മാസങ്ങളിലും സജീവമാകും. തൃശൂർ ജില്ലയിൽ നവംബർ, ഡിസംബർ മാസങ്ങളിലും കൂടുതലായി സംഭരണം നടക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഈ മാസം അവസാനം കൊയ്ത്ത് തുടങ്ങും.

എപ്പോൾ

പൂർത്തിയാക്കും?

സ്വകാര്യമില്ലുകാരുമായി കരാർ ഒപ്പിട്ടാണ് സപ്ലൈകോയുടെ നെല്ലു സംഭരണം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചല്ലാതെ നെല്ലെടുപ്പുമായി സഹകരിക്കില്ലെന്നാണ് മില്ലുകാരുടെ നിലപാട്. പ്രശ്നം ചർച്ചചെയ്യാൻ മില്ലുകാരുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മില്ലുകാരുമായി ധാരണയിലെത്തി കരാർ ഒപ്പിട്ട് ഓരോ മില്ലുകാർക്കും നെല്ലെടുക്കാനുള്ള പാടശേഖരം വീതിച്ചു നൽകി വേണം നെല്ലെടുപ്പ് ആരംഭിക്കാൻ. വില വിതരണത്തിനും നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതെല്ലാം ഇനി എന്നു പൂർത്തിയാക്കുമെന്ന ചോദ്യത്തിന് സർക്കാരിനോ സപ്ലൈകോയ്‌ക്കോ ഉത്തരമില്ല.


നഷ്ടം ഏക്കറിനു

ശരാശരി 22,440 രൂപ

നെല്ലു സംഭരണം ഇനിയും ഏറെനാൾ നീണ്ടാൽ കർഷകനുണ്ടാകുന്ന നഷ്ടം ഏക്കറിനു ശരാശരി 22,440 രൂപയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നെല്ല് സംഭരണം വൈകുന്തോറും പുറംവിപണിയിൽ കുറഞ്ഞ വിലയ്ക്കു നെല്ലു വിറ്റൊഴിക്കാൻ കൃഷിക്കാർ നിർബന്ധിതരാകും. പുറത്ത് നെല്ലിന്റെ ശരാശരി വില കിലോയ്ക്ക് 18 രൂപ മാത്രമാണ്. സപ്ലൈകോ പ്രഖ്യാപിച്ച സംഭരണവില 28.20 രൂപയാണ്. പുറത്തു നെല്ല് വിൽക്കേണ്ടിവന്നാൽ കൃഷിക്കാരന് കിലോയ്ക്കു 10.20 രൂപ വരെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാൻ ജില്ലയിൽ 90 ശതമാനം കൃഷിക്കാർക്കും സൗകര്യമില്ലെന്നത് വലിയ പ്രതിസന്ധിയാണ്.

ഈ സാഹചര്യത്തിൽ കിട്ടിയ വിലയ്ക്കു നെല്ലു വിറ്റൊഴിക്കുകയല്ലാതെ മാർഗമില്ല. കൃഷിക്കാരുടെ ഈ അവസ്ഥ മുതലെടുത്ത് പുറം വിപണിയിൽ വീണ്ടും വിലകുറയ്ക്കുന്ന സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ആ നഷ്ടവും കൃഷിക്കാരൻ സഹിക്കണം. കൊയ്‌തെടുത്ത നെല്ല് മൂന്നോ നാലോ ദിവസത്തിനപ്പുറം സൂക്ഷിക്കാനാകില്ല. സപ്ലൈകോ പ്രഖ്യാപിച്ച തുകയ്ക്കു നെല്ലെടുത്താൽ കൃഷിക്കാരന് ഏക്കറിൽനിന്നു 2,200 കിലോ പ്രകാരം 62,040 രൂപ ലഭിക്കും. അതേസമയം സംഭരണം വൈകി കിലോയ്ക്ക് 18 രൂപ നിരക്കിൽ നെല്ലു പുറത്തു വിൽക്കേണ്ടി വന്നാൽ ലഭിക്കുക 39,600 രൂപ. നഷ്ടം ഏക്കറിനു ശരാശരി 22,440 രൂപ.

വില കൈമാറാൻ

ബാങ്കുകളുടെ കൺസോർഷ്യം

കർഷനെ വായ്പക്കാരനാക്കാതെ നെല്ലിന്റെ വില കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നേരിട്ടു കൈമാറാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവർ ചേർന്നു രൂപീകരിക്കുന്ന കൺസോർഷ്യത്തിന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയാണ്. 6.1 ശതമാനം പലിശയ്ക്കാണ് ബാങ്കുകൾ വായ്പ നൽകുക. ഇതിനു സർക്കാർ ജാമ്യം നിൽക്കും. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില വായ്പയെന്ന നിലയിലാണു ബാങ്കുകൾ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നത്. സപ്ലൈകോയുടെ ജാമ്യത്തിൽ കർഷകനു വായ്പ എന്നായിരുന്നു വ്യവസ്ഥ. പിന്നീട് സപ്ലൈകോ ബാങ്കുകൾക്കു പണം നൽകുമ്പോൾ വായ്പ അടച്ചു തീർത്തതായി കണക്കാക്കും. നെല്ലിന്റെ പണം വൈകുന്നതായി കർഷകർ പരാതിപ്പെട്ടപ്പോഴാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ സർക്കാരിൽ നിന്നുള്ള വിഹിതം വൈകുമ്പോൾ സപ്ലൈകോ ബാങ്കുകൾ പണം കൈമാറാൻ വൈകും. ഇതോടെ കർഷകൻ വായ്പയുടെ തിരിച്ചടവു മുടങ്ങിയവരുടെ പട്ടികയിലാവും. കർഷകന്റെ സിബിൽ സ്‌കോർ കുറയുകയും മറ്റു വായ്പകൾ ലഭിക്കാൻ തടസമാവുകയും പതിവായി. സപ്ലൈകോ കുടിശിക തീർക്കാതെ വീണ്ടും പണം നൽകില്ലെന്ന ബാങ്കുകളുടെ നിലപാട് ചില വർഷങ്ങളിൽ സംഭരണത്തെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് പണം നൽകാൻ സ്ഥിരം സംവിധാനം എന്ന നിലയിൽ കൺസോർഷ്യത്തെക്കുറിച്ച് ആലോചിച്ചത്.

Advertisement
Advertisement