വിഴിഞ്ഞം തുറമുഖ നിർമ്മാണവും തീരശോഷണവുമായി ബന്ധമില്ല

Thursday 22 September 2022 12:27 AM IST

 സമരസമിതിയുടെ ആരോപണം തള്ളി പഠനറിപ്പോർട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തീരശോഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് പഠന റിപ്പോർട്ട്. കേരള സർവകലാശാല ഫ്യൂച്ചർ സ്റ്റഡീസ് മുൻ ഗവേഷകൻ ക്ലെമന്റ് ലോപ്പസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം കാരണം തീരശോഷണമുണ്ടാകുന്നു എന്നാരോപിച്ചാണ് തുറമുഖ കവാടത്തിൽ സമരം തുടരുന്നത്. എന്നാൽ വിദഗ്ദ്ധ റിപ്പോർട്ട് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും വാദങ്ങൾക്ക് കരുത്തേകും. 1985 മുതൽ 2022 വരെയുള്ള കാലയളവിൽ തീരപ്രദേശത്തുണ്ടായ മാറ്റങ്ങളുടെ മാതൃകയും കാലാവസ്ഥയും ഉൾപ്പെടെ തീരശോഷണത്തിന് കാരണമാകുന്ന വിഷയങ്ങൾ വിശകലനം ചെയ്‌താണ് പഠനം നടന്നത്.

2018 മുതൽ 2020 വരെ മൂന്നുവർഷങ്ങളിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് ചില വർഷങ്ങളിൽ അസാധാരണമായ തീരശോഷണത്തിന് കാരണമായതെന്ന് പഠനം വ്യക്തമാക്കുന്നു. തുറമുഖത്തിന്റെ വടക്കുഭാഗത്തുള്ള പൂന്തുറ, ബീമാപള്ളി, ചെറിയതുറ തുടങ്ങിയ പ്രദേശങ്ങളിൽ തീരശോഷണം വലിയതോതിലുണ്ടായിട്ടുണ്ട്. 2003 മുതൽ 2015 വരെയുള്ള തീരദേശ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ 2015 - 2022 കാലയളവിൽ തീരശോഷണം കുറവായിരുന്നു.

ബീമാപള്ളിയിലും ചെറിയതുറയിലും സമീപകാലത്ത് തീരശോഷണം തടയുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വലിയതുറ, തോപ്പ്, ശംഖുംമുഖം എന്നിവിടങ്ങളിൽ 2015-2022 കാലഘട്ടത്തിൽ തുറമുഖ നിർമാണത്തിന് മുമ്പുള്ള ഘട്ടത്തിലെന്നപോലെയാണ് തീരശോഷണം തുടരുന്നത്. തുറമുഖമാണ് തീരശോഷണത്തിന് കാരണമായതെങ്കിൽ പൂന്തുറ, ബീമാപ്പള്ളി, ചെറിയതുറ എന്നിവിടങ്ങളിൽ 2016ൽ തുറമുഖ നിർമ്മാണം ആരംഭിച്ച ശേഷം തീരശോഷണം രൂക്ഷമാകണമെന്നും പഠനസംഘം വ്യക്തമാക്കുന്നു.

'തീരശോഷണം കേരളത്തിൽ യാഥാർത്ഥ്യമാണ്. എന്നാൽ തുറമുഖ നിർമ്മാണമല്ല അതിന് കാരണം. സർക്കാർ നിലപാട് ശരിവയ്‌ക്കുന്ന പഠനറിപ്പോർട്ടാണിത്. തുറമുഖ നിർമ്മാണവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.'

അഹമ്മദ് ദേവർ കോവിൽ

തുറമുഖ വകുപ്പ് മന്ത്രി

'2018, 2019, 2020 എന്നീ മൂന്ന് വർഷങ്ങളിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട 20 ചുഴലിക്കാറ്റുകളാണ് ചില വർഷങ്ങളിൽ അസാധാരണമായ തീരശോണത്തിന് കാരണമായത്. തുറമുഖ നിർമ്മാണമാണ് തീരശോഷണത്തിന് കാരണമെന്ന മറ്റ് കണ്ടെത്തലുകളെല്ലാം അടിസ്ഥാനരഹിതമാണ്.'

ഡോ. ക്ലെമന്റ് ലോപ്പസ്

ഗവേഷകൻ

'വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെല്ലാം പൊളിയുകയാണ്. തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് അന്താരാഷ്‌ട്ര വിദഗ്ദ്ധരാണ് പാരിസ്ഥിതിക പഠനം നടത്തിയത്. സർവകലാശാലയുടെ പഠനറിപ്പോർട്ട് ആശ്വാസമാണ്.'

വെങ്ങാനൂർ ഗോപകുമാർ, കൺവീനർ,

വിഴിഞ്ഞം പ്രാദേശിക കൂട്ടായ്‌മ

Advertisement
Advertisement