വെള്ളാണിക്കൽ പാറയിൽ സദാചാര ഗുണ്ടായിസം, വിദ്യാർത്ഥികളെ തല്ലി

Thursday 22 September 2022 12:30 AM IST

പൊലീസ് ദുർബലമായ വകുപ്പുകൾ ചുമത്തിയെന്ന് ആക്ഷേപം

പോത്തൻകോട്: സുഹൃത്തിന്റെ വീട്ടിലെത്തിയ പെൺകുട്ടികളടങ്ങുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം. വെള്ളാണിക്കൽ പാറയിൽ ഇക്കഴിഞ്ഞ നാലിന് നടന്ന അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

പാറമുകളിലേക്ക് പോകാനായി രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളും ഒരുമിച്ച് നടക്കുമ്പോൾ പ്രദേശവാസികളായ ചിലർ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. കമ്പുകൊണ്ടും കൈകൊണ്ടുമായിരുന്നു തല്ല്. അടികൊണ്ട് പേടിച്ച് ഓടിരക്ഷപ്പെടുന്നതിനിടെ റോഡിൽ മറിഞ്ഞുവീണ പെൺകുട്ടികളെ അവിടെയിട്ടും തല്ലി. പെൺകുട്ടികൾ നിലവിളിക്കുന്നതും അതുവഴി ബൈക്കിൽ വന്ന യുവാക്കൾ അക്രമം ചോദ്യം ചെയ്‌‌തപ്പോൾ സംഘം ഇവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനമേറ്റതിൽ രണ്ടുപെൺകുട്ടികൾ സഹോദരങ്ങളാണ്. കുട്ടികളും ബന്ധുക്കളും നേരിട്ടെത്തി പോത്തൻകോട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചത്.

മർദ്ദനത്തിന് നേതൃത്വം നൽകിയ ശ്രീനാരായണപുരം സ്വദേശി മനീഷിനെതിരെ മാത്രം കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതേസമയം കുട്ടികളെ തടഞ്ഞുവച്ച മറ്റുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമില്ല. മനീഷിനെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നീതി തേടി സംസ്ഥാന ബാലാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടികളുടെ ബന്ധുക്കൾ. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നാണ് ആക്ഷേപം.

സാമൂഹ്യ വിരുദ്ധരുടെ താവളം

വെള്ളാണിക്കൽ വിനോദ സഞ്ചാരകേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. കഞ്ചാവും മറ്റ് ലഹരികളുടെയും കൈമാറ്റവും ഇവിടെ നടക്കുന്നുണ്ടെന്നാണ് സൂചന. സഞ്ചാരികളെ ആക്രമിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് പതിവായിട്ടും പൊലീസ് തിരിഞ്ഞുനോക്കാറില്ലെന്ന് ആരോപണമുണ്ട്.

Advertisement
Advertisement