മുഖ സൗന്ദര്യത്തിന് മാത്രമല്ല, കുഴിനഖത്തെ അകറ്റാനും മഞ്ഞൾ ഉപയോഗിക്കാം; കൂടെ മറ്റൊരു സാധനംകൂടി ചേർക്കണമെന്ന് മാത്രം

Thursday 22 September 2022 1:15 PM IST

ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മഞ്ഞൾ നല്ലൊരു ഔഷധമാണെന്ന് നമുക്കറിയാം. ചർമ സംരക്ഷണത്തിന് മഞ്ഞൾ നന്നായി അരച്ചെടുത്ത് അൽപം പാൽ ചേർത്ത് പുരട്ടുക. മുഖക്കുരു അകറ്റാനും, മുഖകാന്തിക്കുമൊക്കെ മഞ്ഞൾ ഉപയോഗിക്കാറുണ്ട്.

കുഴിനഖത്തെ അകറ്റാൻ മഞ്ഞൾ ഉപയോഗിക്കാമെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്ത് മിശ്രിതമായി കാലിലിട്ടാൽ കുഴിനഖം മാറും. കൂടാതെ മഞ്ഞളും കറ്റാർവാഴയുടെ നീരും യോജിപ്പിച്ച് നഖത്തിലിട്ടാൽ ഒരു പരിധിവരെ കുഴിനഖത്തെ അകറ്റാൻ സാധിക്കും.

പുഴുക്കടി മാറാനും മഞ്ഞൾ അരച്ചുപുരട്ടുന്നത് നല്ലതാണ്. മഞ്ഞളും തുളസിയിലയും അരച്ച് തേച്ചാൽ ചിലന്തിയും പഴുതാരയും കടിച്ചതുമൂലമുണ്ടായ നീരും വേദനയും മാറിക്കിട്ടും. രോഗപ്രതിരോധ ശേഷിക്കായി ഒരു ഗ്ലാസ് വെള്ളത്തിൽ മഞ്ഞളും ഇഞ്ചിയും ഇട്ട് ചൂടാക്കി വെള്ളം കുടിക്കുക. ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി തേനിൽ ചാലിച്ച് ദിവസും കുടിക്കുന്നത് നല്ലതാണ്. കഴിവതും കടയിൽ നിന്ന് വാങ്ങുന്ന മഞ്ഞൾപ്പൊടിയുടെ ഉപയോഗം കുറയ്ക്കുക. വീട്ടിൽ കൃഷി ചെയ്യുന്ന ശുദ്ധമായ മഞ്ഞൾ വേണം ഉപയോഗിക്കാൻ.