മൂർച്ചയുള്ള കണ്ണുകൾ, ജ്വലിക്കുന്ന മുഖം, പൊന്നിയിൻ സെൽവനിലെ ഐശ്വര്യ റായിയെ കണ്ട് ഞെട്ടി ആരാധകർ

Thursday 22 September 2022 4:50 PM IST

സെപ്തംബർ 30ന് തിയേറ്ററുകളിലെത്തുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ എഴുത്തുകാരൻ കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിലേതെന്ന് അടുത്തിടെ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന പ്രചാരണപരിപാടിയിൽ മണിരത്നം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളോട് യോജിക്കുന്നതാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ക്യാരക്ടർ പോസ്റ്റർ.

പൊന്നിയിൻ സെൽവനിൽ നന്ദിനിയെന്ന കഥാപാത്രമായി എത്തുന്ന ഐശ്വര്യ റായിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. രാജ്ഞിയുടെ രൂപഭാവങ്ങളും മൂർച്ചയേറിയ നോട്ടവുമെല്ലാം കൊണ്ടും ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ജ്വലിക്കുന്ന പൂർണചന്ദ്രനെന്നും, ദേവി എന്നും, ചിത്രം കണ്ട് ശ്വാസം വിടാൻ മറന്നുപോയെന്നുമുള്ള കമന്റുകളാണ് താരത്തിന്റെ ക്യാരക്ടർ ലുക്കിന് ലഭിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തരത്തിലായിരുന്നു നടിമാരുടെ തിരഞ്ഞെടുപ്പെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 2012ൽ ഈ സിനിമ സംബന്ധിച്ച് ചർച്ച ചെയ്തപ്പോൾ നന്ദിനി എന്ന കഥാപാത്രത്തെക്കുറിച്ച് ബോളിവുഡ് നടി ഐശ്വര്യ റായിയോട് പറഞ്ഞിരുന്നു. പത്ത് വർഷങ്ങൾക്കു ശേഷം സിനിമ സംഭവിച്ചപ്പോൾ ഐശ്വര്യ മടങ്ങിയെത്തുകയാണെന്ന് മണിരത്നം പറഞ്ഞു.

ലൈകാ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്. ഐശ്വര്യ റായിയ്ക്ക് പുറമേ തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, വിക്രം, ജയം രവി, കാർത്തി തുടങ്ങിയവരാണ് പൊന്നിയിൻ സെൽവനിലെ പ്രധാന താരങ്ങൾ.