റബർ വിലസ്ഥിരതാ ഫണ്ട് ഉയർത്തണം.

Friday 23 September 2022 12:00 AM IST

കോട്ടയം. റബറിന് വിലയിടിഞ്ഞ സാഹചര്യത്തിൽ വിലസ്ഥിരതാ ഫണ്ട് ഉയർത്തണമെന്ന് കർഷകർ. വിലസ്ഥിരതാ പദ്ധതിയുടെ എട്ടാം ഘട്ടം ആരംഭിക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിലാണ് കർഷകർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതുതായി പദ്ധതിയിൽ ചേരുന്നവർക്കും ഈ ഘട്ടത്തിൽ അപേക്ഷ നൽകാം. 2022 നവംബർ 30 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. നേരത്തെ അംഗങ്ങളായവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. മുൻ ധനമന്ത്രി കെ.എം മാണി 2015 ജൂലായ് ഒന്നിനാണ് സംസ്ഥാനത്തെ റബർ കർഷകർക്ക് ന്യായവില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വില സ്ഥിരതാപദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയുടെ എട്ടാം ഘട്ടമാണ് 2022 ജൂലായ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നത്. വില സ്ഥിരതാ ഫണ്ട് അനുസരിച്ച് റബറിന് 170 രൂപയാണ് തറവില നൽകുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ റബർ സബ്‌സിഡിക്കായി സംസ്ഥാന സർക്കാർ 500 കോടി രൂപ മാറ്റിവച്ചിരുന്നു. എന്നാൽ, അതിൽനിന്നും കാര്യമായി വിതരണം ചെയ്യേണ്ടി വന്നില്ല. വിലസ്ഥിരതാ ഫണ്ടും ഓപ്പൺമാർക്കറ്റ് വിലയും തമ്മിൽ വലിയ അന്തരമില്ലാതിരുന്നതോടെ കൃഷിക്കാർ ആ തുക കൈപ്പറ്റിയില്ല. ഇന്ന് വിലസ്ഥിരതാ ഫണ്ടിൽനിന്നും വലിയ വിലയിടിവ് റബറിന് ഉണ്ടായി. റബറിന്റെ ഉദ്പാദന ചെലവിനെ അപേക്ഷിച്ച് നോക്കുമ്പോൾ തറവിലയായ 170 രൂപ കർഷകന് തൃപ്തികരമല്ല. ഒരു കിലോ റബർ ഉദ്പാദിപ്പിക്കാൻ നിലവിലെ ചെലവ് 250 രൂപയിൽ കൂടുതൽ വരും. ഇടതുപക്ഷ സർക്കാരിന്റെ പ്രകടനപത്രികയിൽ റബറിന്റെ തറവില 250 രൂപ ആക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് നൽകാൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കർഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റബറിന് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകന് പിടിച്ചുനിൽക്കാൻ സാധിക്കൂ.

Advertisement
Advertisement