വെള്ളാണിക്കലിലെ സദാചാര ഗുണ്ടായിസം :  ജാമ്യമില്ലാ വകുപ്പ്, അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി

Friday 23 September 2022 1:03 AM IST

പോത്തൻകോട്: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ സന്ദർശനത്തിനെത്തിയ സ്‌കൂൾ വിദ്യാർത്ഥികളെ തടഞ്ഞുവയ്‌ക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്ത സദാചാര ഗുണ്ടകൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ. പി.സി. 354 ജാമ്യമില്ലാ വകുപ്പുകൂടി ചുമത്തും. സംഭവത്തിൽ കേസെടുക്കുന്നതിൽ പൊലീസിന് വീഴ്‌ചയുണ്ടായെന്ന വ്യാപകവിമർശനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ പരിശോധിക്കാൻ റൂറൽ എസ്.പി ഡി.ശില്പ നിർദേശം നൽകിയത് പിന്നാലെയാണ് നടപടി.

അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയെ ചുമതലപ്പെടുത്തി.

കുട്ടികളെ മർദ്ദിച്ച പോത്തൻകോട് ശ്രീനാരായണപുരം കമ്പിടിവീട്ടിക്കോണം വീട്ടിൽ എം.മനീഷിനെ (29) സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. ഈ മാസം നാലിനാണ് സംഭവം നടന്നത്. അസഭ്യവും അശ്ലീലപദപ്രയോഗവും നടത്തിയതിനും തടഞ്ഞു നിർത്തിയതിനും ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് കേസെടുത്തത്.
പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ കൈകൊണ്ടും വടി കൊണ്ടും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മാർച്ച് 4 ന് നടന്ന സംഭവം വിവാദമായത്. പോത്തൻകോടിന് സമീപത്തെ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആറുപേരാണ് വെള്ളാണിക്കൽ പാറയിൽ പോയത്. ബഹളം കേട്ടെത്തിയ യുവാവും യുവതിയും സംഭവത്തിന്റെ ദൃശ്യം പകർത്തുകയും ആക്രമണത്തെ ചോദ്യം ചെയ്യുകയും പൊലീസിൽ വിളിച്ചറിയിക്കുകയും ചെയ്തതോടെയാണ് സദാചാര ഗുണ്ടകൾ സ്ഥലം വിട്ടത്. മർദനമേറ്റ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനു പോകാൻ വീട്ടിൽനിന്നും അനുവാദം വാങ്ങിയാണ് പോയതെന്ന് മർദ്ദനത്തിനിരയായ സഹോദരികളുടെ മാതാവും അറിയിച്ചു.

Advertisement
Advertisement