മിസ്ത്രിക്ക് അപകടത്തിൽപ്പെട്ട ഹൈവേയിൽ 24 മണിക്കൂറിനിടെ 6 മരണം

Friday 23 September 2022 12:30 AM IST

പാൽഘർ: ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അപകടത്തിൽ മരിച്ച മുംബയ് - അഹമ്മദാബാദ് ഹൈവേയിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ആറ് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി മുംബയിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം ടെമ്പോയിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും ടെമ്പോ ഡ്രൈവറും കൊല്ലപ്പെട്ടു.

സമാന രീതിയിൽ അതേ സ്ഥലത്തു ചൊവ്വാഴ്ച ഉച്ചയ്‌ക്കു കാർ ടെമ്പോയിലിടിച്ച് രണ്ട് പേർ മരിച്ചു. ഇതേത്തുടർന്ന് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്കെതിരെ പാൽഘർ പൊലീസ് കേസെടുത്തു. സൈറസ് മിസ്ത്രിയുടെ മരണത്തോടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഭാഗമാണിത്. സെപ്തംബർ നാലിനാണ് മിസ്ത്രിയും സുഹൃത്തും അപകടത്തിൽ മരിച്ചത്.