കടലാസിലുറങ്ങുന്ന ചെറ്റച്ചൽ പഞ്ചായത്ത്

Friday 23 September 2022 1:24 AM IST

വിതുര: ചെറ്റച്ചൽ പഞ്ചായത്ത് എന്ന ചെറ്റച്ചൽ നിവാസികളുടെ സ്വപ്നം ഇന്നും കടലാസിലുറങ്ങുന്നു. പ്രക്ഷോഭങ്ങളും നിവേദനവും ഇന്നും കടലാസിൽ തന്നെ ഒതുങ്ങിക്കിടക്കുന്നു. പഞ്ചായത്തിനായി മുറവിളിഉയർന്നിട്ട് അരനൂറ്റാണ്ടാകുന്നു. പെരിങ്ങമ്മല, നന്ദിയോട്, വിതുര, തൊളിക്കോട് പഞ്ചായത്തുകളെ വിഭജിച്ച് തെന്നൂർ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ഇതേവരെ യാതൊരുവിധ നടപടിയുമുണ്ടായില്ല. നേരത്തെ വിതുര പഞ്ചായത്തിനെ വിഭജിച്ച് തൊളിക്കോട് പഞ്ചായത്ത് രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ ജനസംഖ്യയും വാർഡുകളുടെ എണ്ണവും കൂടിയിട്ടും പുതിയ പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല. വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളെ വിഭജിച്ച് ചെറ്റച്ചൽ പഞ്ചായത്ത് രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് ചെറ്റച്ചൽ മൊട്ടമൂട് സ്വദേശിയായ തങ്കപ്പൻനായർ സർക്കാരിന് 40 വർഷങ്ങൾക്ക് മുൻപ് നൽകിയ നിവേദനത്തിൽ ബന്ധപ്പെട്ടവർ വിശദമായ പരിശോധനകൾ നടത്തുകയും പ്രാരംഭപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.തുടർന്ന് പഞ്ചായത്ത് അനുവദിക്കാൻ ധാരണയായെങ്കിലും ഒടുവിൽ ചുവപ്പ് നാടയിൽ കുരുങ്ങുകയായിരുന്നു.

പാതിയിൽ നിലച്ച മടത്തറ പഞ്ചായത്ത്

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചിതറ പഞ്ചായത്തിനെ വിഭജിച്ച് മടത്തറ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് അനുവദിച്ചിരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾ എല്ലാം പൂ‌ർത്തിയാക്കി മടത്തറ കേന്ദ്രമാക്കി പഞ്ചായത്ത് ഓഫീസിനുള്ള നടപടിക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ചിലരുടെ തടസവാദങ്ങൾ മൂലം പഞ്ചായത്ത് പ്രവ‌ത്തനം പാതിവഴിയിൽ നിലച്ചു. മാറി വരുന്ന സർക്കാരുകൾ പ്രദേശവാസികളുടെ ഈ ആവശ്യങ്ങൾ നിരസിക്കുന്നതിൽ കടുത്ത പ്രതിഷേധത്തിലാണിവർ.

പെരിങ്ങമ്മല പഞ്ചായത്തിലെ പൊൻമുടി വാർഡ് മെമ്പർക്കും, വാർഡിൽ താമസിക്കുന്നവർക്കും സ്വന്തം പഞ്ചായത്ത് ഒാഫീസിൽ എത്തണമെങ്കിൽ മൂന്ന് പഞ്ചായത്തിലൂടെ കടന്നുപോകണം. മാത്രമല്ല 22 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും വേണം. പൊൻമുടിയിൽ നിന്നും നേരെ കല്ലാർ വഴി വിതുര പഞ്ചായത്തിൽ എത്തി, തൊളിക്കോട് നന്ദിയോട് പഞ്ചായത്ത് പ്രദേശങ്ങൾ പിന്നിട്ട് പാലോട് വഴിയാണ് പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിൽ എത്തേണ്ടത്. ജില്ലയിൽ വിസ്തൃതി കൂടിയ പഞ്ചായത്തുകളിൽ ഒന്നാണ് പെരിങ്ങമ്മല. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ അരിപ്പൽ നിന്നാണ് പഞ്ചായത്തിന്റെ തുടക്കം. ദൂരം കണക്കിലെടുത്ത് പൊൻമുടി വാ‌ർഡിനെ വിതുര പഞ്ചായത്തിൽ ഉൾക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. മാത്രമല്ല പെരിങ്ങമ്മല പഞ്ചായത്തിനെ വിഭജിച്ച് തെന്നൂർ കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും നിലനിൽക്കുകയാണ്.

Advertisement
Advertisement