ബഹളമുണ്ടാക്കിയ നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ

Friday 23 September 2022 12:48 AM IST

ജോധ്പൂർ: ബഹളമുണ്ടാക്കിയ വള‌ർത്തുനായയെ കാറിൽ കെട്ടിവലിച്ച ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജോധ്പൂർ മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്ലാസ്റ്റിക് സർജനായ ഡോ. രജനീഷ് ഗാൽവയാണ് നായയോട് കൊടുംക്രൂരത ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ മേനകാഗാന്ധിയടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് ശാസ്ത്രിനഗർ പൊലീസ് കേസെടുത്തത്.

നായയുടെ കാലിൽ നിരവധി പൊട്ടലുകളുണ്ട്. കാറിനൊപ്പം ഓടുന്നതിനിടെ നിരവധി തവണ റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. രക്തം വാർന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയിലെത്തിച്ചത്. സംഭവം കണ്ട് കാർ തടഞ്ഞ മൃഗസ്നേഹികളെ ഡോ. രജ്നീഷ് കാറിടിപ്പിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. അതിനിടെ മൃഗങ്ങൾക്കായി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ ആംബുലൻസ് നായയെ കൊണ്ടുപോകാൻ എത്തിച്ചപ്പോൾ അവരോടും രജനീഷ് തർക്കിച്ചു. തുടർന്ന് പൊലീസെത്തിയപ്പോഴാണ് നായയെ വിട്ടുകൊടുത്തത്.

അതേസമയം വീട്ടിൽ കയറി കുരച്ച് ശബ്ദമുണ്ടാക്കുന്ന നായയെ കോർപ്പറേഷൻ വളപ്പിൽ തള്ളാൻ പോയതാണെന്നാണ് ഡോ. രജനീഷിന്റെ വിശദീകരണം.

Advertisement
Advertisement