ചേരിതിരിഞ്ഞ് റോഡിൽ വിദ്യാർത്ഥികളുടെ സംഘട്ടനം, ഇടയിലേക്ക് അമിതവേഗത്തിൽ പാഞ്ഞുകയറി കാർ, പിന്നെ നടന്നത്

Friday 23 September 2022 12:10 PM IST

ന്യൂഡൽഹി: ഹൈവേയിൽ റോഡിന്റെ ഒത്തനടുക്ക് ചേരിതിരിഞ്ഞ് തമ്മിലടിച്ച് വിദ്യാർത്ഥികൾ. ഇതിനിടെ അമിതവേഗത്തിലെത്തിയ ഒരു കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചു. ഡൽഹി ദേശിയതലസ്ഥാന മേഖലയിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

റോഡിന് നടുവിൽ തമ്മിലടിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ അമിതവേഗത്തിൽ കാർ പാഞ്ഞുവരുന്നു. കൂട്ടംകൂടിനിന്ന ചില വിദ്യാർത്ഥികൾ ഇതിനിടെ ഓടിമാറി. എന്നാൽ തമ്മിൽതല്ലുന്ന വിദ്യാർത്ഥികൾ ഇത്കണ്ടില്ല. ഇവരെ കാർ ഇടിച്ചുതെറിപ്പിച്ചു. എന്നാൽ അതിന് ശേഷവും വീണിടത്ത് നിന്നും എഴുന്നേറ്റ് പൂർവാധികം ശക്തിയോടെ വിദ്യാർത്ഥികൾ സംഘട്ടനം തുടരുന്നതാണ് പിന്നീട് വീഡിയോയിൽ കാണുന്നത്.

വാഹനങ്ങൾക്ക് പോകാൻ വഴികൊടുക്കാതെ തമ്മിലടിച്ച വിദ്യാർത്ഥികളെയും അപകടമുണ്ടാക്കിയ കാറിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് വിദ്യാർത്ഥികൾ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു.