കുറ്റം സമ്മതിച്ചിട്ടില്ല, കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ

Friday 23 September 2022 12:21 PM IST

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പിടിയിലായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ. പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് ജിതിൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയാണ് ജിതിന്റെ പ്രതികരണം.

കുറ്റം സമ്മതിച്ചെന്ന് പറയുന്നത് കളവാണ്. കഞ്ചാവ് കേസിലടക്കം കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. കൂടെയുള്ളവരെ കേസിൽ കുടുക്കുമെന്ന് പൊലീസ് പറഞ്ഞതായും ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജിതിൻ കൃത്യം നടത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിച്ചാണെന്ന് പൊലീസ് വ്യക്തമാക്കി . ജിതിൻ ഇക്കാര്യം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

എ.കെ.ജി സെന്റർ ആക്രമണം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്യുന്നത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത നിറത്തിലുള്ള ബ്രാൻഡഡ് ടീഷർട്ടും ഷൂസുമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ടീ ഷർട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തിരുവനന്തപുരം ജില്ലയിൽ ഇതേ ടീ ഷർട്ട് വാങ്ങിയ 14 പേരിൽ ഒരാൾ ജിതിനാണെന്ന് തെളിഞ്ഞു. ഇതേ ടീ ഷർട്ടും ഷൂസും ധരിച്ചുള്ള ചിത്രം ജിതിന്റെ ഫോണിൽ നിന്ന് ഫോറൻസിക് സംഘം കണ്ടെത്തി. വനിതാ സുഹൃത്തിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്.