ഒക്ടോബറിൽ മമ്മൂട്ടിയും മോഹൻലാലും മഞ്ജു വാര്യരും

Sunday 25 September 2022 6:50 AM IST

ജയസൂര്യയുടെ ഈശോ, നിവിൻ പോളിയുടെ പടവെട്ട്, അനൂപ് മേനോൻ ചിത്രം വരാൽ, ബിബിന്റെയും വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും വെടിക്കെട്ട് എന്നീ സിനിമകളും റിലീസിന്

ഒക്ടോബറിൽ മേജർ റിലീസുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് മലയാള സിനിമ. മമ്മൂട്ടിയുടെ റോഷാക്ക്, മോഹൻലാലിന്റെ മോൺസ്റ്റർ, മഞ്ജു വാര്യരുടെ ആയിഷ, വെള്ളരിപട്ടണം എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. വെള്ളരിപട്ടണം നവംബറിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. നിവിൻപോളിയുടെ പടവെട്ട്, അനൂപ് മേനോൻ നായകനാവുന്ന വരാൽ, ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് എന്നീ ചിത്രങ്ങളും ഒക്ടോബറിൽ എത്തും. മെഗാഹിറ്റായ ഭീഷ്‌മപർവ്വത്തിനുശേഷം തിയേറ്റർ റിലീസായി എത്തുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക് .നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി എന്നിവരോടൊപ്പം അതിഥി വേഷത്തിൽ ആസിഫ് അലിയും എത്തുന്നു. ആറാട്ടിനുശേഷം തിയേറ്റർ റിലീസായി എത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലക്ഷ്‌മി മഞ്ചു, ഹണിറോസ്, സ്വാസിക, സുദേവ് നായർ ഉൾപ്പെടെ വൻ താരനിരയുണ്ട്. നവാഗതനായ ആമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആദ്യ ഇന്തോ - അറബിക് ചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണത്തിൽ സൗബിൻ ഷാഹിർ ആണ് മറ്റൊരു സുപ്രധാന താരം. ജയസൂര്യ, ജാഫർ ഇടുക്കി, നമിതപ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ ഒക്ടോബർ 5ന് സോണി ലിവിൽ സ്ട്രീം ചെയ്യും.നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന പടവെട്ട് എന്ന നിവിൻ പോളി ചിത്രത്തിൽ അദിതി ബാലൻ ആണ് നായിക. ഒക്ടോബർ 21ന് റിലീസ് ചെയ്യും. കണ്ണൻ താമരക്കുളം കണ്ണൻ എന്ന പേരിൽ സംവിധാനം വരാൽ ബിഗ് ബഡ്‌ജറ്റിൽ വൻ താരനിരയിൽ ഒരുങ്ങുന്നു. അനൂപ് മേനോൻ തന്നെയാണ് രചന. ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് എന്ന ചിത്രത്തിൽ ഇരുവരുമാണ് നായകൻമാർ .

ടി.കെ. രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ഷെയ്‌ൻനിഗം - വിനയ് ഫോർട്ട് ചിത്രം ബർമുഡ ഒക്ടോബർ റിലീസായാണ് എത്തുന്നത്. ഐ.എം. വിജയൻ, അജിജോൺ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധി ആണ് മറ്റൊരു ചിത്രം.

Advertisement
Advertisement