മൂന്നര വർഷമായി അദ്ധ്യാപകരുടെ കാത്തിരിപ്പ് : പരിയാരം പബ്ളിക് സ്കൂളിൽ ശമ്പളമില്ലാ ജോലി

Saturday 24 September 2022 9:43 PM IST

പരിയാരം: സഹകരണ വകുപ്പിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിനൊപ്പം സർക്കാർ ഏറ്റെടുത്ത പരിയാരം പബ്ലിക് സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും മൂന്നരവർഷമായി ശമ്പളമില്ലാതെ ദുരിതത്തിൽ . സർക്കാർ അംഗീകാരം വൈകുന്നതുമൂലാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.

2019 മാർച്ചിലാണ് പരിയാരം മെഡിക്കൽ കോളേജിനൊപ്പം പബ്ലിക് സ്‌കൂളിനെയും സർക്കാർ ഏറ്റെടുത്തത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇവിടുത്തെ 22 പേരെ ജീവനക്കാരായി അംഗീകരിച്ചാൽ മാത്രമെ ശമ്പളം ലഭിക്കുകയുള്ളു. ഇതിന്റെ ഫയൽ ചുവപ്പുനാടയിൽ കുടുങ്ങിയും പലയിടങ്ങളുലമായി കറങ്ങിയും തീരുമാനമാകാതെ നിൽക്കുകയാണ് . മാനേജ്‌മെന്റിൽനിന്നും മുടക്കമില്ലാതെ ശമ്പളം വാങ്ങിയിരുന്ന ഇവരെല്ലാം സർക്കാർ ഏറ്റെടുത്തതോടെ പ്രതിസന്ധിയിലാണ്.

സർക്കാർ അംഗീകാരം കിട്ടാത്തതിനാൽ പാഠപുസ്തകം ഒഴിച്ച് ഒരു ആനുകൂല്യങ്ങളും കുട്ടികൾക്ക് കിട്ടുന്നില്ല. കലോത്സവത്തിൽ പോലും ഇവിടുത്തെ കുട്ടികൾക്ക് പങ്കെടുക്കാനാകില്ല. പി.എഫ് പിൻവലിച്ചും കടം വാങ്ങിയുമാണ് ജീവനക്കാർ ഇത്രയും നാൾ പിടിച്ചു നിന്നത്. ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.

രണ്ടുതവണ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടെങ്കിലും നടപടിയായില്ല.അതെ സമയം പരിയാരം മെഡിക്കൽ കോളേജിന് കീഴിലുള്ള മറ്റ് ഏഴ് സ്ഥാപനങ്ങളിലും സർക്കാർ നിശ്ചയിച്ച ശമ്പളം മുടങ്ങാതെ നൽകുന്നുമുണ്ട്.

800 വിദ്യാർത്ഥികൾ

22 ജീവനക്കാർ

വിദ്യാർത്ഥികൾ പിരിവെടുത്ത് അടിസ്ഥാന സൗകര്യം

അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വിദ്യാർത്ഥികൾക്കു മുന്നിൽ കൈനീട്ടുകയാണ് ഈ സർക്കാർ വിദ്യാലയം. ഇത്തവണ മാത്രം എട്ട് ഡിവിഷനുകളാണ് വർദ്ധിച്ചത്. എന്നിട്ടും മതിയായ അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ അനുമതി നൽകിയിട്ടില്ല.

പ്രവേശന സമയത്ത് 1000 രൂപ വീതം അടയ്ക്കാനാണ് രക്ഷിതാക്കളോടു നിർദേശിച്ചിരിക്കുന്നത്. കൂടുതൽ താത്കാലിക അദ്ധ്യാപകരെ നിയോഗിക്കുകയും ഫർണിച്ചർ സജ്ജമാക്കുകയും ചെയ്താലേ ഇത്തവണ ക്ലാസുകൾ നടത്താൻ സാധിക്കുകയുള്ളു.നിയമനം നടത്തുന്നതിനും ഫർണിച്ചറിനു തുക അനുവദിക്കുന്നതിനും തടസമായി നിൽക്കുന്നതും സർക്കാർ അംഗീകാരം ലഭിക്കാത്തതാണ്.

.ഇപ്പോൾ 800 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂൾ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് സംഭാവന സ്വീകരിക്കുന്നതെന്നാണ് പി.ടി. എ ഭാരവാഹികൾ പറയുന്നത്.

Advertisement
Advertisement