ഇരുപത് പ്രവാസവർഷം :യൂസഫ് ഹാജി ശേഖരിച്ചത് 3000 സ്റ്റാമ്പുകൾ 

Saturday 24 September 2022 9:47 PM IST
ദുബായിൽ നിന്നും ശേഖരിച്ച അപൂർവ്വ സ്റ്റാമ്പുകളുമായി കാസർകോട് പാലാക്കുന്നിലെ പി.കെ.യൂസഫ് ഹാജി

പാലക്കുന്ന്( കാസർകോട്): പാലക്കുന്ന് ടൗണിൽ ഫാൽക്കൻ ഫാബ്രിക്സ് കട നടത്തി വരുന്ന പി.കെ യൂസഫ് ഹാജി സ്റ്റാമ്പ്‌ ശേഖരണത്തിന് വേണ്ടി ദുബായിൽ പ്രവാസ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചയാളാണ്. ആ സ്റ്റാമ്പുകളെല്ലാം ബാഗിലാക്കിയാണ് യൂസഫ് ഹാജി നാട്ടിലേക്ക് മടങ്ങിയത്. ലോകത്ത് തന്നെ അപൂർവ്വമായ സ്റ്റാമ്പുകളുണ്ട് ഇദ്ദേഹത്തിന്റെ ശേഖരണത്തിൽ. നാട്ടിൽ തെരുവ് നായ ശല്യം ശക്തമായപ്പോൾ തന്റെ സ്റ്റാമ്പ് ശേഖരത്തിൽ രണ്ട് നായ്ക്കൾ ചേർന്നുള്ള ഒരിന്ത്യൻ സ്റ്റാമ്പ് ഉള്ള കാര്യം ഓർമയിൽ വന്നു.

മൂവായിരത്തോളം സ്റ്റാമ്പുകളുടെ കൂമ്പാരത്തിൽ ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ഇറക്കിയ ആ നായ സ്റ്റാമ്പ് കണ്ടെടുത്തു. അത് വാട്സാപ്പിൽ പോസ്റ്റ്‌ ചെയ്തപ്പോൾ നിലവിലെ നായശല്യവും 2005 ലെ രണ്ടു നായ്ക്കൾ ചേർന്നുള്ള ആ സ്റ്റാമ്പും ചേർത്ത് ഏറെ കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നു. വിലമതിക്കാനാവാത്ത സ്റ്റാമ്പുകളുടെ ശേഖരം തന്നെ ഇദ്ദേഹത്തിന്റെ പക്കലുള്ള കാര്യം പുറംലോകം അറിഞ്ഞത് അങ്ങിനെയാണ്. എത്ര പതിറ്റാണ്ടുകൾ പിന്നിട്ടാലും നശിച്ചുപോകാത്ത വിധം ഭദ്രമായി

വലിയൊരു പെട്ടിക്കകത്ത് അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ട് സ്റ്റാമ്പുകൾ. വിവിധ രാജ്യങ്ങളിലെ സംഭവങ്ങൾ, വിവിധ കാരണങ്ങളാൽ അറിയപ്പെടുന്ന ലോക നേതാക്കൾ, വ്യക്തികൾ, ലോക വിശേഷങ്ങൾ, കായിക മേളകൾ, എല്ലാം ഇടം പിടിച്ചിട്ടുണ്ട്. അപൂർവങ്ങളായ പക്ഷികളും മറ്റു ജീവികളും പുഷ്പങ്ങളും അതിൽ പെടും. 1862 ലെ അമേരിക്കൻ സിവിൽ വാറിന്റെ ഓർമക്കായ് അന്ന് അമേരിക്ക പുറത്തിറക്കിയതും അതിൽ പെടും. എലിസബത്ത് രാജ്ഞിയുടെ പേരിൽ ഒരു പെന്നി മുതൽ മുകളിലോട്ടുള്ള സ്റ്റാമ്പുകളും ശേഖരണത്തിലുണ്ട്.

സ്റ്റാമ്പ് ശേഖരണം ഹരമാക്കി ദുബായ് ജീവിതം

ദുബൈയിൽ റോളോ സ്‌ക്വയറിൽ ജെ. ആൻഡ്. പി എന്ന അന്താരാഷ്ട്ര കമ്പനിയിലായിരുന്നു യൂസഫിന് ജോലി. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാർ ഉള്ള ഓഫീസ്. അവർക്കും ഓഫീസിലും വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന തപാൽ ഉരുപ്പടികളിലെ സ്റ്റാമ്പുകൾ സ്വന്തമാക്കിയാണ്‌ സ്റ്റാമ്പ് ശേഖരണത്തിന് തുടക്കം. വിമർശനങ്ങൾ കണക്കിലെടുക്കാതെ ചവറ്റുകുട്ടയിൽ നിന്നും സ്റ്റാമ്പുകൾ എടുത്തുവച്ചു. യഥേഷ്ടം സ്റ്റാമ്പുകൾ കിട്ടാൻ തുടങ്ങിയതോടെ യൂസഫിന് ശേഖരണം ഒരു ഹരമായി. 20 വർഷത്തെ പ്രവാസജീവിതത്തിൽ 3000 ൽ പരം സ്റ്റാമ്പുകൾ ശേഖരിച്ചു. അതും വിലപിടിപ്പുള്ള വിഭിന്നങ്ങളായവ. ഇന്ത്യൻ തപാൽ വകുപ്പ് 1990 ൽ തിരുവന്തപുരത്ത് നടത്തിയ കേരള ഫിലാറ്റലിക്ക് എക്സിബിഷനിലേക്ക് അദ്ദേഹത്തിന് അന്ന് ക്ഷണം കിട്ടിയിരുന്നു.വിദേശ കറൻസി ശേഖരവും ഹാജിയുടെ ഹോബിയിൽ പെടും. പാലക്കുന്ന് കരിപ്പോടിയിൽ പി. കെ. ഹൗസിൽ ആണ് താമസം. ഭാര്യ ശാഫിയയും രണ്ടു മക്കളുമടങ്ങിയതാണ് കുടുംബം.

Advertisement
Advertisement