കളങ്ങളിൽ വെന്തുരുകി ചുടുകട്ട വ്യവസായം

Sunday 25 September 2022 12:34 AM IST

അപ്പർകുട്ടനാട്ടിൽ ഇഷ്ടികക്കളങ്ങൾ പേരിലൊതുങ്ങുന്നു

ഹരിപ്പാട്: ചുടുകട്ടയുടെ നിർമ്മാണത്തിനാവശ്യമായ ചെളിയും മണലും പ്രാദേശികമായി ലഭിക്കാതെ വന്നതോടെ അപ്പർ കുട്ടനാട്ടിലെ ചുടുകട്ട വ്യവസായം പ്രതിസന്ധിയിൽ. ഒരു വാർഡിൽത്തന്നെ രണ്ടും മൂന്നും ഇഷ്ടകക്കളങ്ങളുണ്ടായിരുന്ന സ്ഥാനത്ത് വിരലിലെണ്ണാവുന്ന അവസ്ഥയിലായിരിക്കുകയാണ് കാര്യങ്ങൾ.

പാടശേഖരങ്ങളിൽ നിന്നു സുലഭമായി ലഭിച്ചിരുന്ന ചെളിയും നദികളിൽ നിന്നുള്ള മണലുമായിരുന്നു ഇഷ്ടിക നിർമ്മാണത്തിന്റെ അസംസ്കൃത വസ്തുക്കൾ. എന്നാൽ ചെളിയും മണലും എടുക്കുന്നതിന് വിലക്ക് വന്നതോടെ ഇഷ്ടികക്കളങ്ങളുടെ പ്രവർത്തനം പതിയെ നിലയ്ക്കുകയായിരുന്നു. ഇതോടെ ചൂളകൾ നടത്തിയിരുന്ന മുതലാളിമാർ മാത്രമല്ല തൊഴിലാളികളും വഴിയാധാരമായി. പുലർച്ചെ മൂന്നോടെ ഇഷ്ടികക്കളങ്ങൾ പ്രവർത്തന സജ്ജമാകുമായിരുന്നു. അച്ചിൽ കട്ട അറുത്തെടുക്കുന്ന മേശരിമാർ, ചെളി ചവിട്ടിക്കുഴച്ച് പതമാക്കിയെടുക്കുന്ന തൊഴിലാളികൾ, വെയിലിൽ കട്ട നിരത്തി ഉണക്കിയെടുക്കുന്നവർ, ചൂള പൊളിച്ചെടുക്കുന്ന കട്ടകൾ കൊണ്ടുപോകാനെത്തുന്നവർ തുടങ്ങി വിവിധ തട്ടുകളിൽ തൊഴിൽ ലഭിച്ചിരുന്ന മേഖലയാണിത്. പക്ഷേ, നാമമാത്ര ഇഷ്ടികക്കളങ്ങൾ പോലും അപ്പർകുട്ടനാട്ടിൽ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. നിലവിൽ തമിഴ്നാട്ടിലെ മാർത്താണ്ഡത്തു നിന്നാണ് ചുടുകട്ട അപ്പർകുട്ടനാടൻ മേഖലകളിലേക്ക് കൊണ്ടുവരുന്നത്.

# പെരുമയേറിയ കരിപ്പുഴ കട്ട

അപ്പർകുട്ടനാട്ടിലെ പള്ളിപ്പാട്ട് 'കരിപ്പുഴ കട്ട' എന്ന പേരിൽ അറിയപ്പെട്ടിരുന്ന കട്ടകൾക്ക് ഏറെ പേരും പെരുമയും ഉണ്ടായിരുന്നു. അതിനാൽ ദൂരെ ദേശങ്ങളിൽ നിന്നുപോലും ഇഷ്ടികയ്ക്ക് ആവശ്യക്കാർ എത്തുമായിരുന്നു. ചൂളകളുടെ എണ്ണവും കൂടുതലായിരുന്നു. മായം കലരാത്ത ചെളിയിൽ തീർത്ത ക്ഷമതയുള്ള ഇഷ്ടികകളായിരുന്നു അന്ന് ലഭിച്ചിരുന്നത്. എന്നാൽ, ഇന്ന് അവശേഷിക്കുന്നവയിൽ ചെളിയിൽ തീർത്ത ശുദ്ധമായ ഇഷ്ടിക ലഭിക്കില്ല. കുറഞ്ഞ അളവിൽ ചെളി ചേർത്ത് അധിക ഭാഗവും ചെങ്കല്ല് അരച്ചു ചേർത്ത് നിർമ്മിക്കുന്ന കട്ടകളാണ് ലഭിക്കുന്നത്. ഇവ ഈടു നിൽക്കില്ല.

.......................................

# പ്രതിസന്ധികൾ

ചെളിയും മണലും യഥേഷ്ടം ലഭിക്കുന്നില്ല

ചുടുകട്ടയ്ക്ക് പകരം മറ്റു കട്ടകൾ രംഗത്ത് സജീവം

ചുടുകട്ട ഉപയോഗിക്കുമ്പോൾ ചെലവേറെ

വലിയ കട്ടകൾ നിർമ്മാണത്തിന് വേഗം കൂട്ടുന്നു

# പരിഹാരമുണ്ടോ?

ഇഷ്ടികക്കളങ്ങൾ സജീവമാക്കാൻ സർക്കാർ ഇടപെടണം

സ്വയംസംരംഭക പട്ടികയിൽപ്പടുത്തി പഞ്ചായത്തുകൾ സബ്സിഡി നൽകണം

ചെളിയും മണലും ആവശ്യാനുസരണം ലഭ്യമാക്കണം

തൊഴിലാളികൾക്ക് ഉപജീവനം ഉറപ്പാക്കണം

Advertisement
Advertisement