കർഷക സംഘം ജില്ലാ സമ്മേളനം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു

Sunday 25 September 2022 3:51 AM IST

നെടുമങ്ങാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ ചുമതല നിർവഹിക്കാൻ തയ്യാറാകണമെന്ന് കേരള കർഷകസംഘം സമ്മേളനം ആവശ്യപ്പെട്ടു. വി. ജോയ് എം.എൽ.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉപദേശം അനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ അതിന് കൂട്ടാക്കുന്നില്ല. ഭരണഘടനയെ സംരക്ഷിക്കാനും നിലനിറുത്താനും അതിനുവേണ്ടി പ്രവർത്തിക്കാനും താൻ തയ്യാറാണെന്ന് സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആരിഫ് മുഹമ്മദ് ഖാൻ. ആർ.എസ്.എസ് തലവനെ കാണുന്നതും താൻ ആർ.എസ്.എസ് കാരനെന്നു പറയുന്നതും വാർത്താസമ്മേളനം നടത്തി സ്വയം അപഹാസ്യനാകുന്നതും കേരളം കണ്ടു. ഭരണഘടന പ്രകാരം നിയമസഭ പാസ്സാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ ഒന്നുകിൽ ഒപ്പിടുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ അങ്ങനെ തിരിച്ചയച്ച ബിൽ നിയമസഭ ഒരു മാറ്റവും കൂടാതെ തിരിച്ചയച്ചാൽ ഗവർണ്ണർ ഒപ്പിടാൻ ബാദ്ധ്യസ്ഥനായിരിക്കെ ഗവർണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.ജില്ലാ സമ്മേളനം എ.ഐ.കെ.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.എസ്.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. അഞ്ഞൂറിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധികൾ ജാഥയായെത്തി രക്തസാക്ഷി സ്‌തൂപത്തിൽ പുഷ്പാർച്ചന നടത്തി. സംഘാടകസമിതി ചെയർമാൻ അഡ്വ. ആർ. ജയദേവൻ സ്വാഗതം പറഞ്ഞു. അഡ്വ.ബി.ബാലചന്ദ്രൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ആർ.മധു, പാളയം രാജൻ എന്നിവർ അനുസ്മരണ പ്രമേയങ്ങളും അഡ്വ. ലെനിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.വി.എസ്.പത്മകുമാർ, അഡ്വ. ആർ.രാജ് മോഹൻ,അഡ്വ.എസ്.ജയചന്ദ്രൻ,അഡ്വ. പി.എസ്. പ്രശാന്ത്,സി. സുഗത എന്നിവരടങ്ങിയ പ്രിസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.രജിസ്ട്രേഷൻ കമ്മിറ്റിയുടെ കൺവീനറായി എസ്.ഹരിഹരൻ പിള്ളയും മിനുട്ട്സ് കമ്മിറ്റി കൺവീനറായി ബി. മുരളീധരനും പ്രമേയ കമ്മിറ്റി കൺവീനറായി വി.ജോയ് എം.എൽ.എയും ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായി എം.എം.ബഷീറും പ്രവർത്തിക്കുന്നു. ഉച്ചയ്‌ക്ക് ശേഷം പ്രവർത്തന റിപ്പോർട്ടിന്മേലുളള ചർച്ച നടന്നു. തിങ്കളാഴ്ച കർഷക റാലിയോടെ സമ്മേളനം സമാപിക്കും.

Advertisement
Advertisement