അഗ്നിപർവതം പൊട്ടിത്തെറിച്ചു, ഉദിച്ചുയരുന്നു ഒരു കുഞ്ഞൻ ദ്വീപ് !

Sunday 25 September 2022 5:37 AM IST

വെല്ലിംഗ്ടൺ : ഈ വർഷം ആദ്യം പൊട്ടിത്തെറിച്ച തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിലെ കടലിനടിയിലെ ഭീമൻ അഗ്നിപർവതത്തിന് സമീപം പുതുതായി ഒരു ചെറുദ്വീപ് രൂപംകൊള്ളുന്നതായി ഗവേഷകർ. ടോംഗയുടെ തെക്ക് പടിഞ്ഞാറായി പസഫിക് സമുദ്രത്തിൽ കടലിനടിയിൽ അഗ്നിപർവതങ്ങളുടെ സാന്നിദ്ധ്യമുള്ള മേഖലയിലാണ് ദ്വീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇവിടെ സെപ്തംബർ 10നും ഒരു അഗ്നിപർവതത്തിൽ നിന്ന് ലാവയും ചാരവും പുറന്തള്ളപ്പെട്ടിരുന്നു. ഈ അഗ്നിപർവത സ്ഫോടനത്തിന് 11 മണിക്കൂറുകൾക്ക് ശേഷമാണ് ദ്വീപ് വെള്ളത്തിന് മുകളിലേക്ക് ഉയരാൻ തുടങ്ങിയതെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ അഗ്നിപർവതം ഇപ്പോഴും സജീവമായി തുടരുകയാണെങ്കിലും ഭീഷണിയില്ല.

ഈ ദ്വീപ് വേഗത്തിൽ വളരുന്നതായാണ് കണ്ടെത്തൽ. ഇക്കഴിഞ്ഞ 14ന് ടോംഗ ജിയോളജിക്കൽ സർവീസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ദ്വീപ് 4,000 ചതുരശ്ര മീറ്ററോളമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, സെപ്തംബർ 20ഓടെ ഇത് 24,000 ചതുരശ്ര മീറ്ററായി. സമുദ്രത്തിനടിയിലെ അഗ്നിപർവത സ്ഫോടന ഫലമായുണ്ടാകുന്ന ദ്വീപുകൾ സാധാരണ അധിക കാലം നിലനിൽക്കില്ല. എന്നാൽ ചിലത് വർഷങ്ങളോളമോ പതിറ്റാണ്ടുകളോളമോ നിലകൊള്ളും.

അതേ സമയം, ജനുവരി 15ന് ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന ഭീമൻ സജീവ അഗ്നിപർവതത്തിലെ സ്ഫോടനം 4 അടിയോളം ഉയരത്തിൽ സുനാമിത്തിരയ്ക്ക് കാരണമാവുകയും കടലിനടിയിലൂടെയുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കുകയും ചെയ്തിരുന്നു.

സമീപകാലത്തുണ്ടായ ഏറ്റവും ശക്തിയേറിയ അഗ്നിപർവത സ്ഫോടനമായിരുന്നു അത്. ഹംഗ - ടോംഗ - ഹംഗ - ഹാപായി അഗ്നിപർവതത്തിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് പുതിയ ദ്വീപ് രൂപം കൊണ്ടിരിക്കുന്നത്.

Advertisement
Advertisement