കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാം, ഭക്ഷണം മരുന്നാക്കാം! കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അധിക ചെലവില്ലാത്ത എട്ട് ഭക്ഷണങ്ങൾ
ജീവിതശൈലീ രോഗമായ കൊളസ്‌ട്രോൾ കുറയുന്നതിനായി വ്യായാമവും, മരുന്നും മാത്രമല്ല ശരിയായ ഭക്ഷണവും ഏറെ സഹായകരമാണ്. രക്തക്കുഴലുകളിലും കോശങ്ങളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്‌ട്രോൾ. ഹോർമോൺ ബാലൻസ് നിലനിർത്താൻ ആവശ്യമായ വളരെ പ്രധാനപ്പെട്ട ഘടകമാണിത്.എന്നാൽ കൊളസ്‌ട്രോൾ അമിതമായാൽ അത് ശരീരത്തിന് ദോഷകരമാണ്. ധമനികളുടെ ഭിത്തികളെ തടസ്സപ്പെടുത്തുകയും രക്തപ്രവാഹത്തിന് ഹാനികരമാകുകയും ചെയ്യുന്നതിനാൽ ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് അമിതവണ്ണം, പ്രമേഹം, സന്ധി വേദന എന്നിവയ്ക്കും കാരണമാകും.
കൊഴുപ്പ് കൂടിയ ഭക്ഷണം, പ്രോട്ടീന്റെ അഭാവം, അപര്യാപ്തമായ ശാരീരിക ചലനം, പുകവലി, അമിതഭാരം എന്നിവയാണ് ശരീരത്തിൽ കൊളസ്‌ട്രോൾ ഉയരാൻ കാരണമാവുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ പോലും കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാനാവും. കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ അറിയാം
നാരുകൾ അടങ്ങിയ ഭക്ഷണം
ഫൈബർ കൊളസ്‌ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. ഫൈബർ ശരീരത്തിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു, ഇതിനൊപ്പം ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. പയറുവർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ ഗുണകരമാണ്.
ഓട്സ്
നാരുകളാൽ സമ്പന്നമാണ് ഓട്സ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഓട്സിനാവും. ശരീരഭാരം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ദിവസവും ഒരു നേരത്തെ ആഹാരം ഓട്സാക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
വാഴപ്പഴം
ഉയർന്ന പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീൻ
ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കാൻ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനൊപ്പം വ്യായാമവും ചെയ്യണം. മുട്ട, പനീർ, ഗ്രീൻ ബീൻസ്, പയർ, ചെറുപയർ, കൊഞ്ച് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആരോഗ്യകരമായ കൊഴുപ്പുകൾ
ആരോഗ്യകരമായ കൊഴുപ്പുകൾ ഒമേഗ 3 യുടെ മികച്ച ഉറവിടമാണ്, ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. നെയ്യ്, അവോക്കാഡോ, ഒലിവ് ഓയിൽ, നട്സ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
വീറ്റ് ഗ്രാസ് ജ്യൂസ്
വെറുംവയറ്റിൽ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് കരളിനെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു, ചീത്ത കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള അമിതമായ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
കൊക്കോയിൽ ഫ്‌ളേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്, ആന്റിഓക്സിഡന്റും ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളും ഉള്ളതും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ സംയുക്തങ്ങളുടെ ഒരു കൂട്ടമാണിത്. പഠനങ്ങൾ അനുസരിച്ച്, ഡാർക്ക് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഡാർക്ക് ചോക്ലേറ്റിന്റെ അമിത ഉപഭോഗം ദോഷകരമാണ്, അവയിൽ പൂരിത കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്.
വിറ്റാമിൻ സി
വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും അവയുടെ ജ്യൂസും ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും എൽഡിഎൽ അളവ് കുറയ്ക്കുന്നതിനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ ഗുണം സിട്രസ് ജ്യൂസുകളിൽ അടങ്ങിയതാണ് ഇതിന് കാരണം. കൂടാതെ വിറ്റാമിൻ സിയുടെ സാന്നിദ്ധ്യം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.