ബിജെപി നേതാവിന്റെ മകന്റെ റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനെന്ന് ആരോപണം; യുവതിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുളള റിസോർട്ടിലെ റിസപ്‌ഷനിസ്‌റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി(19) ജോലി നോക്കിയ വനതാര റിസോർട്ട് പൊളിച്ചത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണെന്ന് അങ്കിതയുടെ കുടുംബം ആരോപിച്ചു. വീണ്ടും പോസ്‌റ്റ്മോർട്ടം നടത്തണം എന്നാവശ്യപ്പെട്ട കുടുംബം സംസ്‌കാര ചടങ്ങുകൾ നടത്താൻ വിസമ്മതിച്ചു.
എയിംസിലെ ഡോക്‌ടർമാർ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിൽ അങ്കിത ശ്വാസംമുട്ടിയാണ് മരിച്ചതെന്നും മുഖത്ത് മർദ്ദനമേറ്റ പാടുകളുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്. ആസൂത്രിത കൊലപാതകമാണിതെന്നും റിസോർട്ട് പൊളിച്ചതിൽ ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പറഞ്ഞു. പൊലീസ് അന്വേഷണം വൈകിപ്പിക്കുകയും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ കാലതാമസമുണ്ടാക്കിയെന്നും റാവത്ത് അഭിപ്രായപ്പെട്ടു.
റിസോർട്ടിലെ അതിഥികളുമായി ലൈംഗികവൃത്തിയിലേർപ്പെടാൻ അങ്കിത തയ്യാറാകാത്തതിനെ തുടർന്നാണ് റിസോർട്ട് ഉടമ പുൽക്കിത്ത് ആര്യയടക്കം മൂന്നുപേർ ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത്. കേസിൽ വാക്കുതർക്കത്തെ തുടർന്ന് അങ്കിതയെ കനാലിലിട്ട് കൊന്നു എന്നാണ് പുൽക്കിത് പറയുന്നത്. സംഭവത്തിൽ ജനരോഷമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നിർദ്ദേശത്തിൽ റിസോർട്ട് പൊളിക്കുകയും മുൻമന്ത്രി കൂടിയായ പ്രതിയുടെ പിതാവ് ബിജെപി നേതാവ് വിനോദ് ആര്യ, മകൻ അങ്കിത് ആര്യ എന്നിവരെ പാർട്ടി പുറത്താക്കുകയും ചെയ്‌തു.