റീൽസ് എടുക്കുന്നവർക്കു മുൻപിൽ പോസ് ചെയ്യാനായി പാമ്പിനെ കഴുത്തിലിട്ടയാൾക്ക് ദാരുണാന്ത്യം 

Sunday 25 September 2022 2:52 PM IST

കാൺപൂർ : സമൂഹമാദ്ധ്യമങ്ങളിൽ റീൽ ചെയ്യുന്നവരുടെ ആവശ്യം കേട്ട് പാമ്പിനെ കഴുത്തിലണിഞ്ഞയാൾക്ക് ദാരുണാന്ത്യം. ഉന്നാവോ ജില്ലയിലെ ഔറസ് പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരൻ പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത്. ഔറ പ്രദേശത്തെ ഭാവ്ന ഖേര ഗ്രാമത്തിൽ താമസിക്കുന്ന ഇയാൾ കൈവണ്ടിയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽപ്പന നടത്തിയാണ് ജീവിക്കുന്നത്. ഈ പ്രദേശത്ത് പഞ്ചർ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന സുബേദാറിന്റെ കടയിൽ കയറിയ പാമ്പാണ് സാധുവിനെ കടിച്ചത്.

കടയിൽ കയറിയ പാമ്പിനെ സുബേദാർ തല്ലിക്കൊല്ലാൻ ശ്രമിച്ചപ്പോൾ അവിടെ എത്തിയ ബജ്രംഗി ഇയാളെ തടയുകയും, പാമ്പിനെ കൊല്ലുന്നത് പാപം ക്ഷണിച്ചുവരുത്തുമെന്ന് പറഞ്ഞുകൊണ്ട് പാമ്പിനെ പിടികൂടി പെട്ടിയിലാക്കി കടയിൽ നിന്ന് പുറത്തെത്തിച്ചു. ഈ സമയം സുബേദാറിന്റെ കടയിൽ പാമ്പ് കുടുങ്ങിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ പാമ്പിനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. തുടർന്ന് ബജ്രംഗി പെട്ടി തുറന്ന് പ്രദർശനം ആരംഭിച്ചു. റീൽ നിർമ്മിക്കാൻ താൽപ്പര്യമുള്ള ചിലർ ഇയാളോട് പാമ്പിനെ കൈയ്യിൽ പിടിക്കാനും, കഴുത്തിലണിയാനും ആവശ്യപ്പെട്ടു. പാമ്പിന്റെ വായിൽ മുറുകെ പിടിച്ച് കഴുത്തിൽ ചുറ്റി റീൽ നിർമ്മാതാക്കൾക്ക് പോസ് ചെയ്യുന്നതിനിടെ പെട്ടെന്ന് ബജ്രംഗിയെ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റ ബജ്രംഗിയെ ലക്നൗവിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി വൈകി മരണപ്പെട്ടു.