ഹർത്താൽ : കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ 30 ലക്ഷം നഷ്ടം.

Monday 26 September 2022 1:00 AM IST

കോട്ടയം. കഴിഞ്ഞ ദിവസത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ മൂലം ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കോട്ടയം ഡിപ്പോയ്ക്ക് മാത്രം ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. ശരാശരി 10-11 ലക്ഷം രൂപയായിരുന്നു കളക്ഷൻ. ഹർത്താൽ ദിനത്തിൽ ഇത് നാലു ലക്ഷമായി കുറഞ്ഞു.

ഹർത്താലിനിടെ ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകർത്ത മൂന്ന് ബസുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പൊലീസിൽ പരാതി നൽകി. മൂന്ന് ബസുകൾക്കുമായി 1.30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബസിന്റെ ചില്ലിന്റെയും,​ മൂന്ന് ദിവസം ഓട്ടം മുടങ്ങിയതിന്റെയും ചേർത്തുള്ള കണക്കാണിത്.

ഹർത്താലിന് കുറിച്ചി,​ തെക്കുംഗോപുരം, അയ്മനം എന്നിവിടങ്ങളിലാണ് കോട്ടയം ഡിപ്പോയിലെ മൂന്ന് ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. ഇതിൽ തെക്കുംഗോപുരം,​ അയ്മനം എന്നിവിടങ്ങളിൽ തകർക്കപ്പെട്ട ബസുകൾ കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ച് കഴിയുന്ന റൂട്ടിലേയ്ക്കുള്ളതായിരുന്നു. ബസ് തകർക്കപ്പെട്ടത് മൂലം മൂന്ന് ദിവസം സർവീസ് മുടങ്ങി. ഹർത്താൽ ദിനത്തിൽ കോട്ടയം ഡിപ്പോയുടേതടക്കം ആറ് ബസുകളാണ് തകർത്തത്. തെള്ളകത്ത് കൂത്താട്ടുകുളം ഡിപ്പോയുടേയും കുറിച്ചിയിലും മന്ദിരം കവലയിലുമായി എറണാകുളം,​ കൊട്ടാരക്കര ഡിപ്പോകളുടേയും വണ്ടികളാണ് തകർത്തത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈ തുക അടച്ചാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.

കോട്ടയം ഡി.ടി.ഒ പറയുന്നു.

നഷ്ടം കണക്കാക്കി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗ്ളാസ് മാറ്റി സർവീസ് പുനരാരംഭിച്ചു.