ചൂട് കഠിനം, ഒരു കരിക്കു കഴിച്ചാലോ.

Monday 26 September 2022 12:00 AM IST

കോട്ടയം. വെയിലിന്റെ കാഠിന്യമേറിയതോടെ, ശീതളപാനീയങ്ങളുടെ വിൽപ്പന കൂടി. രാത്രി ഇടവിട്ട് മഴപെയ്യുന്നുണ്ടെങ്കിലും ചൂടിന് കുറവില്ല. കഠിനമായ ചൂടിൽ നിന്ന് യാത്രക്കാർ ആശ്വാസം കണ്ടെത്തുന്നത് ശീതളപാനീയങ്ങൾ വാങ്ങിക്കഴിച്ചാണ്. വഴിയോരങ്ങളിൽ കരിക്ക്, കരിമ്പിൻ ജൂസ്, നാരങ്ങവെള്ളം, സംഭാരം തുടങ്ങിയവയുടെ വിൽപ്പന തകൃതിയായി നടക്കുന്നു. ചൂടിനെ ചെറുക്കാനും ശരീരത്തിലെ ജലാശം നിലനിറുത്താനും മറ്റു മാർഗമില്ലാത്തതിനാൽ ഇവ വാങ്ങാൻ ആവശ്യക്കാരേറെയാണ്. മുളക്, ഇഞ്ചി, ഉള്ളി എന്നിവയും സോഡയും ചേർത്ത മൺകുടത്തിലെ സംഭാരത്തിനാണ് ഡിമാൻഡ്. വിപണി സജീവമായതോടെ വ്യാപാരികളും വർദ്ധിച്ചു. നിരവധിയാളുകൾ കരിക്കും കരിമ്പ് ജ്യൂസും വാങ്ങാനായി എത്തുന്നുണ്ട്. നാടൻ കരിക്ക് കുമരകം,പള്ളം, വെച്ചൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. വരവ് കരിക്ക് ഉണ്ടെങ്കിലും നാടൻ കരിക്കിനാണ് ആവശ്യക്കാർ.

വിലയിങ്ങനെ.

നാ‌ടൻ കരിക്ക് 50 രൂപ.

കരിമ്പ് ജ്യൂസ് 20 രൂപ.

മൺകുട സംഭാരം 30 രൂപ,

നാരങ്ങ വെള്ളം 20 രൂപ.

കരിക്ക് കച്ചവടക്കാരിയായ അനിത ഉണ്ണികൃഷ്ണൻ പറയുന്നു.

മഴ മാറിയതോടെ കരിക്കു കച്ചവടം മെച്ചപ്പെട്ടു. നാടൻ കരിക്ക് മാത്രമാണ് വിൽക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന താൻ 9 വർഷം മുൻപാണ് കരിക്ക് കച്ചവടത്തിലേക്ക് തിരിഞ്ഞത്. മരുമകൻ പ്രഭുജിക്കൊപ്പം മെഷീൻ ഉപയോഗിച്ച്, തെങ്ങ് കയറിയാണ് കരിക്ക് ശേഖരിക്കുന്നത്.

Advertisement
Advertisement