പാവപ്പെട്ടവളാണ് പക്ഷെ 10000 രൂപയ്‌ക്ക് ശരീരം വിൽക്കില്ല; മരിക്കും മുൻപ് അങ്കിത സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നത് ഇക്കാര്യങ്ങൾ

Sunday 25 September 2022 6:28 PM IST

ഹരിദ്വാർ: ഉത്തരാഖണ്ഡിൽ റിസോർട്ടിലെ റിസപ്‌ഷനിസ്‌റ്റായ 19കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ നിർണായകമായി യുവതിയുടെ വാട്‌സാപ്പ് സന്ദേശങ്ങൾ. ഇതിനൊപ്പം സുഹൃത്തുക്കൾ നൽകിയ മൊഴിയിലുമുള‌ളത് പ്രതികൾക്കെതിരായ നിർണായക തെളിവുകൾ. റിസോർട്ടിലെത്തുന്ന അതിഥികളുമായി അങ്കിത കിടക്ക പങ്കിടണമെന്ന് റിസോർട്ട് ഉടമയും ബിജെപി നേതാവിന്റെ മകനുമായ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ. പുൽകിത് ഗുപ്‌ത എന്നിവർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. സെപ്‌തംബർ 18ന് അങ്കിതയെ കാണാതായ ദിനം ഇവർ മൂവരും അങ്കിതയും ഋഷികേശിലേക്ക് പോയിരുന്നു. തിരികെ റിസോർട്ടിലേക്ക് വരുംവഴി ചില്ല റോഡിൽ വച്ച് മൂവരും വാഹനം നിർത്തി മദ്യപിച്ചു. ഇവർ തിരികെയെത്താൻ അങ്കിത കാത്തിരുന്നു. ഇതിനിടയിലും യുവതിയോട് പ്രതികൾ അതേ ആവശ്യം ഉന്നയിച്ചു. റിസോർട്ടിലെ അനാശാസ്യ പ്രവർത്തനവും യുവതി ചോദ്യം ചെയ്‌തു. തുടർന്ന് വാക്കുതർക്കമുണ്ടായി. ഇതോടെ യുവതിയെ കനാലിൽ തള‌ളിയിട്ട് ഇവർ കൊലപ്പെടുത്തി.

കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ഉടമകളും മാനേജരും അതിഥികൾക്ക് പ്രത്യേക സേവനം താൻ നൽകണമെന്ന് സമ്മർദ്ദം ചെലുത്തിയിരുന്നതായും ഉറ്റസുഹൃത്തിന് അങ്കിത സന്ദേശമയച്ചെന്ന് കണ്ടെത്തി. റിസോർട്ടിലെ ഷെഫ് ആയ മൻവീർ സിംഗ് ചൗഹാനെ വിളിച്ച് ബാഗ് എത്തിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അങ്കിതയുടെ ബാഗുമായി മറ്റൊരാൾ എത്തിയെങ്കിലും അങ്കിതയെ കണ്ടില്ല. യുവതിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷകർത്താക്കളും ഒപ്പം പുൽകിത് ആര്യയും പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഇതിനിടെ അങ്കിതയുടെ കൊലപാതകത്തിൽ ആരോപണവുമായി പെൺകുട്ടിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി(19) ജോലി നോക്കിയ വനതാര റിസോർട്ട് പൊളിച്ചത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണെന്ന് അങ്കിതയുടെ കുടുംബം ആരോപിച്ചു. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണം എന്നാവശ്യപ്പെട്ട കുടുംബം സംസ്‌കാര ചടങ്ങുകൾ നടത്താൻ വിസമ്മതിച്ചു.