കാമറയ്ക്ക് മുന്നിലും പിന്നിലും മണമ്പൂര്

Monday 26 September 2022 6:03 AM IST

ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ബിനു മണമ്പൂര് വെള്ളിത്തിരയിൽ തിളങ്ങുന്നു. ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞിൽ ദിവാകരൻ. ബേസിൽ ജോസഫിന്റെ പാൽതു ജാൻവറിൽ രാജു . ഈ ചിത്രങ്ങൾ കണ്ട പ്രേക്ഷകരുടെ മനസിൽ ബിനു അവതരിപ്പിച്ച കഥാപാത്രങ്ങളുണ്ട്. ശ്രീനാഥ് ഭാസി, ലുക് മാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സിസി സംവിധാനം ചെയ്യുന്ന കൊറോണ ജവാൻ ആണ് പുതിയ ചിത്രം. നിവിൻപോളിയുടെ തുറമുഖത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രദീപൻ മുല്ലനേഴി സംവിധാനം ചെയ്ത നമുക്കൊരേ ആകാശം എന്ന ചിത്രത്തിൽ തുമ്പി എന്ന ഒാട്ടോറിക്ഷ ഡ്രൈവറുടെ വേഷം അവതരിപ്പിച്ചാണ് കാരക്ടർ വേഷത്തിലേക്ക് എത്തുന്നത്. ജീവിതത്തിൽ ഒാട്ടോ ഡ്രൈവറായിരുന്ന ബിനു കാമറയ്ക്ക് മുന്നിലും പിന്നിലും പതിമൂന്നുവർഷമായി പ്രവർത്തിക്കുന്നുണ്ട്.മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത

പ്രമാണിയിൽ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചാണ് തുടക്കം. കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ പ്രൊഡക്‌ഷൻ കൺട്രോളറാവുകയും ചെയ്തു . പാൽതു ജാൻവർ, റിലീസിന് ഒരുങ്ങുന്ന ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി ചിത്രം തങ്കത്തിലും പ്രൊഡക്‌ഷൻ കൺട്രോളർ.കാമറയ്ക്ക് പിന്നിലും നല്ല വേഷങ്ങളിലൂടെ മുന്നിലും എത്താനാണ് ബിനുവിന് ആഗ്രഹം.