ദുൽഖർ സൽമാന്റെ കിംഗ് ഒഫ് കൊത്ത ഇന്ന് ആരംഭിക്കും
ദുൽഖർ ചിത്രത്തിൽ ആദ്യമായി ഗോകുൽ സുരേഷ്
ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത ഇന്ന് മധുരയിൽ ചിത്രീകരണം ആരംഭിക്കും.ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖർ നാളെ ജോയിൻ ചെയ്യും.ബിഗ് ബഡ്ജറ്റിൽ വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്നു. ദുൽഖർ സൽമാനും ഐശ്വര്യ ലക്ഷ്മിയും ആദ്യമായാണ് ഒരുമിക്കുന്നത്. ഗോകുൽ സുരേഷ് ആണ് മറ്റൊരു പ്രധാന താരം. ദുൽഖറും ഗോകുൽ സുരേഷും ആദ്യമായാണ് ഒരുമിക്കുന്നത്. നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ച് തിളങ്ങിയവരാണ്. ശാന്തികൃഷ്ണ ആണ് കിംഗ് ഒഫ് കൊത്തയിലെ മറ്റൊരു പ്രധാന താരം. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രൻ ആണ് മാസ് എന്റർടെയ്‌നറായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. മംഗലാപുരം ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്. സംവിധായകൻ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. ജോഷി സംവിധാനം ചെയ്ത പാപ്പനിൽ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.