ജാർഖണ്ഡ് സ്വദേശിയുടെ കൊലപാതകം: പ്രതിയെ ജാർഖണ്ഡിൽ പോയി പിടികൂടി

Monday 26 September 2022 2:23 AM IST

വിഴിഞ്ഞം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് തൊഴിലാളി മരിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി. ലക്കീന്തറിനെയാണ്(44) ജാർഖണ്ഡിലെത്തിയ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ വിനോദ്, ഫോർട്ട് സ്റ്റേഷൻ എസ്.ഐ ദിനേശ്, വിഴിഞ്ഞത്തെ സി.പി.ഒമാരായ ഷിനു, രാമു, സ്പെഷ്യൽ സ്ക്വാഡ് അംഗം ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് ലക്കീന്തറിനെ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. പ്രതിയെ അവിടുത്തെ കോടതിയിൽ ഹാജരാക്കി നടപടികൾക്ക് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഴിഞ്ഞത്ത് എത്തിക്കും. ജാർഖണ്ഡ് ബൽബഡയിലെ പൊലീസ് സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം ഒളിവിൽ പോയ സുനിയെ കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ 17ന് രാത്രി 9ന് പുളിങ്കുടി നെട്ടത്താന്നി റോഡിലെ വീട്ടിൽ നടന്ന സംഘട്ടനത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ജാർഖണ്ഡ് സ്വദേശി കന്ത്ന ലൊഹറനാണ്(40) മരിച്ചത്.

തലയ്ക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും രക്തക്കറ തുടച്ചു മാറ്റിയ തുണിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.