ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ മിനി ടൂറിസം പദ്ധതിക്ക് സാധ്യതയേറെ

Monday 26 September 2022 1:41 AM IST

വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ മിനി ടൂറിസം പദ്ധതിക്ക് സാധ്യതയേറുന്നു. പ്രകൃതി കനിഞ്ഞരുളിയ നിരവധി പ്രദേശങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തിൽ മിനി ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ പഞ്ചായത്ത് പ്രദേശത്തെ വികസനങ്ങൾക്കും സാധ്യതയേറും. പഞ്ചായത്തിലെ കിഴക്കൻമല, കോയിക്കൽ, പഴിഞ്ഞിപ്പാറ, കുറ്റിയായണിക്കാട് ചാനൽ പാലം തുടങ്ങിയ നിരവധി പ്രദേശങ്ങൾ പ്രകൃതി ഭംഗി വേണ്ടുവോളം നുകരുവാൻ ടൂറിസ്റ്റുകൾക്ക് സാധ്യമാകും. മിനി ടൂറിസം പദ്ധതി ആരംഭിച്ച് ഈരാറ്റിൻപുറം, അരുവിക്കര പദ്ധതികളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കീഴാറൂരിലെ പഴിഞ്ഞിപ്പാറയെ ചടയമംഗലം ജടായുപാറയുടെ മാതൃകയിൽ വികസിപ്പിക്കാൻ നടപടിയുണ്ടായാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ ഏറെ സാധ്യതയാണുള്ളത്.

പ്രകൃതി കനിഞ്ഞ സൗന്ദര്യം

പാറശാല നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ആര്യങ്കോട് ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ കഴിയും. പഞ്ചായത്തിന് നല്ലൊരു വരുമാവും നിരവധി പേർക്ക് ടൂറിസത്തിന്റെ ആശ്രയിച്ചുള്ള തൊഴിലും ലഭിക്കും. സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയാൽ ടൂറിസ്റ്റുകൾ ഏറെ എത്തുകയും ചെയ്യും. നിലവിൽ നിരവധി പേർ ഈരാറ്റിൻപുറം സന്ദർശിക്കാനെത്തുമ്പോൾ ഈ പ്രദേശങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്.

അടിസ്ഥാനസൗകര്യങ്ങൾ ഇല്ല

പ്രകൃതി ആസ്വദിക്കാൻ നിരവധിപേർ എത്തുമ്പോൾ ടൂറിസ്റ്റുകൾക്ക് ആവശ്യമായ യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. പഞ്ചായത്തും കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ സർക്കാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകുമെന്ന് നാട്ടുകാർ പറയുന്നു. ടൂറിസ്റ്റുകൾ എത്താത്ത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയാണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗശൂന്യമായിട്ടിരിക്കുന്നത്.

ചിറ്റാർനദി ഒഴുകുന്ന ആര്യങ്കോട് പഞ്ചായത്തിലാണ് പഴിഞ്ഞിപ്പാറയിലെ കദളിവാഴ ചുനയും മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചിരുന്നുവെന്ന് പറയുന്ന ഒരു ഗുഹയും.

Advertisement
Advertisement